ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘ആവേശം’ തെന്നിന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രങ്ങളില്‍ പത്താം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 55 കോടി രൂപയാണ് ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ആവേശം ഹിറ്റ് ആകുമ്പോള്‍ ഇതിന് മുമ്പ് പുറത്തിറങ്ങിയ ‘ധൂമം’ തിയേറ്ററില്‍ വന്‍പരാജയമായി മാറിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍.
സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ധൂമം. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ മൂന്ന് കോടി വരെ മാത്രമേ നേടാനായിട്ടുള്ളു. ധൂമം തിയേറ്ററില്‍ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചാണ് ഫഹദ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
സിനിമയുടെ ആശയം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ഫഹദ് പറയുന്നത്. ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. അത് ആളുകള്‍ക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. കേള്‍ക്കാന്‍ നല്ല കഥകളാണെങ്കിലും സിനിമയാക്കുമ്പോള്‍ നന്നാകണമെന്നില്ല.
മാത്രമല്ല ഞാന്‍ പുകവലിക്കാറുണ്ട്. അതുകൊണ്ട് ആളുകളോട് പുകവലിക്കരുത് എന്ന് പറയാന്‍ ഞാന്‍ ആളല്ല. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്.
ഇതിനെ കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ എന്നാണ് ഫഹദ് പാസില്‍ പറയുന്നത്. ജൂണ്‍ 23ന് തിയേറ്ററില്‍ എത്തിയ ചിത്രം അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. പവന്‍ കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി ആയിരുന്നു നായികയായി എത്തിയത്.