ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ നക്കി, ലൈംഗികാതിക്രമം ഉണ്ടായി..; ദുരനുഭവം വെളിപ്പെടുത്തി ഗായകന്‍

ഒരു സ്ത്രീയില്‍ നിന്നും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗായകന്‍ ഹാര്‍ദി സന്ധു. ഗായകന്‍, നടന്‍, മുന്‍ ക്രിക്കറ്റ് താരം എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച താരമാണ് ഹാര്‍ദി സന്ധു. പഞ്ചാബി ഗായകനായ ഹാര്‍ദി ’83’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഒരു പരിപാടിക്കിടെ ഒരു സ്ത്രീ തന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ നക്കി എന്നാണ് ഹാര്‍ദി സന്ധു പറയുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്ന് വ്യക്തമാക്കിയാണ് ഹാര്‍ദിയുടെ വാക്കുകള്‍. ”ഒരു വിവാഹ പാര്‍ട്ടി നടക്കുകയാണ്. ഞാനാണ് പാടുന്നത്.”

”സ്റ്റേജിന് മുന്നില്‍ ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ക്ക് ഏകദേശം 45 അടുപ്പിച്ച് പ്രായം വരും. കുറച്ച് കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഡാന്‍സ് ചെയ്‌തോട്ടെ എന്ന് അവര്‍ ചോദിച്ചു. പക്ഷേ ഞാനത് നിരസിച്ചു. ഒരാള്‍ക്ക് നമ്മള്‍ അവസരം കൊടുത്താല്‍ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തിച്ചപ്പോഴാണ് ഞാനങ്ങനെ ചെയ്തത്.”

”പക്ഷേ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അവര്‍ വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ എനിക്ക് സമ്മതം പറയേണ്ടി വന്നു. ഒരു പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങള്‍ ഒന്നിച്ച് നഡാന്‍സ് കളിച്ചു. ശേഷം നിങ്ങള്‍ക്ക് സന്തോഷമായില്ലേന്ന് ചോദിച്ചപ്പോള്‍, കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ഞാന്‍ സമ്മതവും കൊടുത്തു.”

Read more

”പക്ഷേ കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ ചെവിയില്‍ അവര്‍ നക്കി. അത് എനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനില്‍ നിന്നും ഒരു സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ എന്താകും പിന്നീട് സംഭവിക്കുക. അതേപറ്റി ഞാന്‍ പറയേണ്ടതില്ലല്ലോ. ഇവിടെ സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേര്‍ക്കും ലൈംഗിക അതിക്രമം നടക്കുന്നുണ്ട്” എന്നാണ് ഹാര്‍ദി സന്ധു പറഞ്ഞത്.