ഇപ്പോള്‍ രാവിലെ 5.30ന് ഉണര്‍ന്ന് കളരിപ്പയറ്റ് പരിശീലിക്കുന്നു, ഞാന്‍ സ്വയം മിനുക്കി എടുക്കുകയാണ്: ടൊവിനോ

ഒരു നടന്‍ എന്ന നിലയില്‍ താന്‍ സ്വയം മിനുക്കി എടുക്കുകയാണെന്ന് ടൊവിനോ തോമസ്. ടൊവിനോയുടെ ‘തല്ലുമാല’ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. മാസ് ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ‘തല്ലുമാല’യിലെ പ്രകടനം സമാനമായ ‘കല്‍കി’ സിനിമയിലെ പ്രകടനത്തേക്കാള്‍ സംതൃപ്തി നല്‍കി എന്നാണ് ടൊവിനോ പറയുന്നത്.

എല്ലാ സിനിമകളിലൂടെയും താന്‍ പഠിക്കുകയാണ്. ഈ വര്‍ഷങ്ങളില്‍ പല തരം ചിത്രങ്ങള്‍ ചെയ്ത് താന്‍ സ്വയം മിനുക്കിയെടുക്കുകയാണ്. പഠനം നടക്കുന്നുണ്ട്. പഠന രീതികള്‍ വ്യത്യസ്തമാണ്. ചെറിയ ക്ലാസുകളില്‍ പഠിച്ചത് പോലെയല്ല നമ്മള്‍ പത്താം ക്ലാസില്‍ പഠിക്കുന്നത്.

തന്റെ കരിയറിന്റെ ആദ്യ കാലങ്ങളില്‍ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോള്‍ പുരോഗമിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നു. ഇനിയും മെച്ചപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് തനിക്കറിയാം. കല്‍ക്കി പോലുള്ള സിനിമകള്‍ ഇറങ്ങിയപ്പോള്‍ ചെയ്തത് പോലെയല്ല ഇന്ന് അഭിനയിക്കുന്നത്.

തന്റെ ശരീരത്തെ പരിപാലിക്കുന്നത് പോലും പഴയതില്‍ നിന്ന് വ്യത്യസ്തമാണ്. ‘എടക്കാട് ബറ്റാലിയന്‍’ കാലത്ത് 90 കിലോ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ 74 കിലോ ആണ് ഭാരം. അന്ന് ഭക്ഷണ ക്രമീകരണമോ വര്‍ക്കൗട്ടില്‍ ഇപ്പോഴുള്ള അച്ചടക്കമോ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ രാവിലെ 5.30ന് ഉണര്‍ന്ന് കളരിപ്പയറ്റ് പരിശീലിക്കുന്നു. അതായത്, സിനിമയ്ക്കായി പഠിക്കുന്നതൊന്നും ഷൂട്ട് കഴിഞ്ഞും താന്‍ മറക്കുന്നില്ല എന്നാണ് ടൊവിനോ പറയുന്നത്. അതേസമയം, ‘അദൃശ്യ ജാലകങ്ങള്‍’, ‘അജയന്റെ രണ്ടാം മോഷണം’, ‘നടികര്‍ തിലകം’ എന്നിവയാണ് ടൊവിനോയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.