ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

‘കണ്ണപ്പ’ സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയായി തീരുമെന്ന് നടന്‍ രഘു ബാബു. വിഷ്ണു മഞ്ചു നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കണ്ണപ്പ. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ കാമിയോ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

സിനിമയെ ട്രോളുന്നവര്‍ക്കെതിരെയുള്ള നടന്‍ രഘു ബാബുവിന്റെ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. ”കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയാകും” എന്ന നടന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലായിരുന്നു നടന്റെ പ്രതികരണം.


രഘു ബാബുവും കണ്ണപ്പ സിനിമയുടെ ഭാഗമാണ്. രഘു ബാബുവിന്റെ പുതിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നുണ്ട്. അതേസമയം, മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘കണ്ണപ്പ’ ഏപ്രില്‍ 25ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് എത്തുന്നത്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read more