പൊള്ളി നീറുകയായിരുന്നു, ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ല, മണിയുടെ ആള്‍ക്കാരുടെ ഭീഷണി വേറെ : ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ മരണവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും മനംമടുത്ത് സിനിമ തന്നെ ഉപേക്ഷിച്ചിരുന്നുവെന്ന് ഒരിക്കല്‍ നടന്‍ ജാഫര്‍ ഇടുക്കി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്‍.

തങ്ങള്‍ സുഹൃത്തുക്കലെല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് കേസെന്നും പൊതുജനം വിചാരിച്ചിരുന്നതും അങ്ങനെയാണെന്നും ജാഫര്‍ ഇടുക്കി പറയുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്. മണി സിനിമയില്‍ വന്നപ്പോഴാണ് കാശൊക്കെ ആയത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തികമായി വളരെ താഴെ നില്‍ക്കുന്നവരുമാണ്. പാടി എന്നു പറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ കുറെ ആളുകള്‍ വന്നു പോയി. വന്നവര്‍ നല്ലതു ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ, ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്ന ചിന്താഗതി അവര്‍ക്കു വന്നതില്‍ തെറ്റ് പറയാനൊക്കില്ല. അദ്ദേഹം പറയുന്നു.

Read more

മണിയുടെ അവിടെ എന്നും ആളും ബഹളവും ആണ്. വളര്‍ന്നു വരുന്ന കലാകാരന്മാരെ കൊല്ലാന്‍ നടക്കുന്നവമ്മാരും ഉണ്ടാവും. ആ രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചില്‍ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോയെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തുവന്നു കൊണ്ടിരുന്നത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു പോയ നാളുകളായിരുന്നു. കഥകള്‍ ഉണ്ടാക്കുന്നവര്‍ക്ക് നമ്മുടെയോ നമ്മുടെ കുടുംബത്തിന്റെയോ സങ്കടം കാണേണ്ട കാര്യമില്ല. സത്യമല്ലാത്ത ഓരോ വാര്‍ത്ത വരുമ്പോഴും പൊള്ളി നീറുകയായിരുന്നു. ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ല. ഇതിനിടയില്‍ മണിയുടെ ആള്‍ക്കാരുടെ ഭീഷണി വേറേ. ഭീഷണിപ്പെടുത്തിയെങ്കിലും അവരാരും നമ്മളെ ഉപദ്രവിച്ചില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.