ഇങ്ങനെ മാനസികമായി തളര്‍ത്തണോ? 'വാഴ'യിലെ പുതുമുഖങ്ങള്‍ക്കെതിരെ സംഘടിത ആക്രമണം; പ്രതികരിച്ച് ജിബിന്‍ ഗോപിനാഥ്

തിയേറ്ററില്‍ ഹിറ്റ് ആയി മാറിയ ‘വാഴ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങള്‍ ട്രെന്‍ഡ് ആക്കി മാറ്റിയ ചിത്രമാണ് വാഴ. നാല് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ നിന്നും മാത്രം 40 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇതിനിടെ നടന്‍ ജിബിന്‍ ഗോപിനാഥ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വാഴ സിനിമയില്‍ അഭിനയിച്ച പുതുമുഖ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് ജിബിന്റെ കുറിപ്പ്. സിനിമയില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളര്‍ത്തുന്ന ചില ആളുകളുണ്ട് എന്നാണ് ജിബിന്‍ പറയുന്നത്.

”ഒടിടിയില്‍ എത്തുമ്പോള്‍ സിനിമകള്‍ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളര്‍ത്താതെ കമന്റ് ചെയ്തുകൂടെ. പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തു കൂടെ.”

”സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്. പ്ലീസ്…(ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോ ഇത്തരം പ്രോബ്ലെംസ് എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷേ പുതുമുഖങ്ങളെ സംബന്ധിച്ച് ഈ നിമിഷം കടന്ന് കൂടുക എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്)” എന്നാണ് ജിബിന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സെപ്റ്റംബര്‍ 23ന് ആണ് വാഴ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച വാഴ സിനിമയ്ക്ക് സംവിധായകന്‍ വിപിന്‍ ദാസ് ആണ് തിരക്കഥ ഒരുക്കിയത്.

Read more