ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൽ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവൻ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിതു മാധവൻ.ആവേശം സ്ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്താണെങ്കിലും ജിഗർതണ്ടയിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ആലോചിച്ചതെന്നാണ് ജിതു മാധവൻ പറയുന്നത്. എത്ര സിനിമകൾ ഗ്യാങ്സ്റ്റർ കോമഡി ഴോണറിൽ വന്നാൽ പോലും ജിഗർതണ്ടയുമായി മാത്രമേ ആളുകൾ കമ്പയർ ചെയ്യുകയൊളളൂവെന്നും ജിതു മാധവൻ പറയുന്നു.

“ജിഗർതണ്ട എല്ലാ കാലത്തും ഗ്യാങ്സ്റ്റർ കോമഡി സിനിമകളുടെ ബെഞ്ച്മാർക്കാണ്. ഇനി എത്ര സിനിമകൾ ഗ്യാങ്സ്റ്റർ കോമഡി ഴോണറിൽ വന്നാൽ പോലും ജിഗർതണ്ടയുമായി മാത്രമേ ആളുകൾ കമ്പയർ ചെയ്യുള്ളൂ. ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ മുതൽ ജിഗർതണ്ട എന്റെ മനസിലുണ്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്താണെങ്കിലും ജിഗർതണ്ടയിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ആലോചിച്ചത്.

കാരണം, അതുവരെ കണ്ടുവന്ന ഗ്യാങ്സ്റ്റർ സിനിമകളുടെ രീതി മുഴുവൻ മാറ്റിമറിച്ച സിനിമയായിരുന്നു അത്. സംഗീതത്തിന്റെ കാര്യത്തിലും, മേക്കിങിന്റെ കാര്യത്തിലും എല്ലാം പുതുമ നിറഞ്ഞ ഒരു സിനിമയായിരുന്നു ജിഗർതണ്ട. ആവേശം ഷൂട്ട് ചെയ്യുമ്പോൾ ജിഗർതണ്ടയുടെ മ്യൂസിക്കിൽ നിന്ന് വ്യത്യസ്‌തമായി എന്ത് ചെയ്യാം എഡിറ്റിങ് പാറ്റേണിൽ നിന്ന് വ്യത്യസ്‌തമായി എന്ത് ചെയ്യാമെന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തിരുന്നു.” എന്നാണ് സൈനുലകം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിതു മാധവൻ പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.