'പരാജയപ്പെടുന്നത് വലിയ ഒരാളോടാകുമ്പോള്‍ അതൊരു പരാജയമല്ല'; ജോയ് മാത്യു

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാണ് കണക്കാക്കുന്നതെന്ന് ജോയ് മാത്യു. എല്ലാം സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകും, അദ്ദേഹം മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള ഒരു മാതൃകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രാവര്‍ത്തികമാക്കിയത്. സാധാരണ ഒരു പാനലില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം മത്സരബുദ്ധിയോടെ കാര്യങ്ങളെ കാണുക എന്നുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഞാന്‍ പരാജയപ്പെടുന്നത് വലിയൊരാളോടാകുമ്പോള്‍ അതൊരു പരാജയമായല്ല, വിജയമായാണ് തോന്നുന്നത്. സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ നമ്മളെല്ലാവരും നില്‍ക്കുന്നത്. അതുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എന്റെ എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകും

Read more

72ല്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.