ശരീരപ്രകൃതിയുടെ പേരില്‍ വളരെക്കാലമായി ബോഡി ഷെയ്മിംഗിന് ഇരയായിരുന്നു എന്ന് തുറന്നു പറഞ്ഞ് ഗായിക ജ്യോത്സന. പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള കുറിപ്പുമാണ് ജ്യോത്സന പങ്കുവെച്ചിരിക്കുന്നത്. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റെന്നും ജ്യോത്സന പറയുന്നുണ്ട്.
ജ്യോത്സനയുടെ കുറിപ്പ്:
ഇത് ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്. ഒരിക്കലും. എന്റെ ജീവിതത്തില്‍ വളരെക്കാലമായി ഞാന്‍ ബോഡി ഷെയ്മിംഗിന്റെ ഇരയാണ്. വൈകാരിക ദുരുപയോഗത്തിന്റെ ഏറ്റവും മോശം രൂപമാണിത്.
നിങ്ങള്‍ ഇവിടെ കാണുന്ന ഈ പോസ്റ്റ് ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. അതിനാല്‍ ഞാന്‍ എന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ചു, പകരം എന്നെത്തന്നെ സ്‌നേഹിക്കാന്‍ തീരുമാനിച്ചു. എനിക്ക് എന്താണ് പ്രാവര്‍ത്തികമാകും എന്ന് മനസിലാക്കാന്‍ ശ്രമിച്ചു.
ഈ യാത്രയില്‍ എനിക്ക് പരാമര്‍ശിക്കാന്‍ രണ്ട് ആളുകളുണ്ട്. ഒന്ന് എന്റെ യോഗ ഗുരു, എന്റെ സ്പിരിച്വല്‍ ഗൈഡ് താര സുദര്‍ശനന്‍, രാവിലെ 5 മണി വ്യായാമം ചെയ്യാനുള്ള സമയമാണെന്ന് എന്നെ പഠിപ്പിച്ചു. അതുപോലെ ശരിയായ ഭക്ഷണം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എന്നെ പഠിപ്പിച്ച എന്റെ പോഷകാഹാര വിദഗ്ധന്‍ മിസ്റ്റര്‍ മനീഷ്.
എല്ലാറ്റിനുമുപരിയായി, ഞാന്‍ ഇപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒരു “വല്യ സൈസ് ഉള്ള കുട്ടി” ആണ്. എന്റെ ആമാശയത്തിലെ കൊഴുപ്പും “കൈയിന്റെ വണ്ണവും” ഇപ്പോഴുമുണ്ട്. ഇത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയാണ്.
ആരോഗ്യവാനായിരിക്കുക, എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, അതിലും പ്രധാനമായി, നിങ്ങളുടെ മനസും. ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുക. വ്യായാമം, ഭക്ഷണം നിങ്ങള്‍ ചുറ്റുമുള്ള ആളുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ എന്നിവ ആരോഗ്യകരമാവട്ടെ. നിങ്ങള്‍ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീര്‍ക്കാന്‍ മറ്റാരെയും അനുവദിക്കരുത്.
View this post on InstagramRead more