ധൈര്യശാലിയായ പെണ്‍കുട്ടി, ആശുപത്രിയില്‍ നിന്നും നല്ല സൂചനകള്‍ കിട്ടിയിരുന്നതാണ്, പക്ഷേ: കലാഭവന്‍ ഷാജോണ്‍

വളരെ അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേര്‍പാട് ഞെട്ടലുളവാക്കുന്നുവെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. വര്‍ഷങ്ങളായി സ്റ്റേജ് ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ സുഹൃത് ബന്ധമാണ്. ആണ്‍കുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട പെണ്‍കുട്ടിയാണ് സുബി. വേര്‍പാട് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം മനോരമയോട് പ്രതികരിച്ചു.

”സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. കരള്‍ രോഗമായിരുന്നു സുബിക്ക്. ആശുപത്രിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും നല്ല സൂചനകളാണ് കിട്ടിയിരുന്നത്. ആ ഒരു ആശ്വാസത്തിലായിരുന്നു ഞങ്ങള്‍.

പക്ഷേ പെട്ടെന്ന് കേള്‍ക്കുന്ന ഈ വിവരം ഞെട്ടിക്കുന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഒരുമിച്ച് സ്റ്റേജ് ഷോകളില്‍ തുടങ്ങിയ സുഹൃത്ത് ബന്ധമാണ്. ഒരു ആണ്‍കുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട താരമാണ് സുബി.

Read more

നമ്മള്‍ പോലും ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും വളരെ ധൈര്യത്തോടെ ചെയ്യും, ഒറ്റക്ക് എവിടെയും യാത്ര ചെയ്യാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു സുബി. എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടിയെത്തും. ഞങ്ങളുടെ ഒരു മിമിക്രി അസോസിയേഷന്‍ ഉണ്ട്. അതിന്റെ എക്‌സിക്യൂട്ടിവ് മെമ്പറായിരുന്നു സുബി. കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.