ലാപതാ ലേഡീസ് ചരിത്രം സൃഷ്ടിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനവും: കിരൺ റാവു

കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. മാര്‍ച്ച് ഒന്നിന് തിയേറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ ഏറെ ചര്‍ച്ചയാവുകയായിരുന്നു. ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും.

ഇപ്പോഴിതാ സുപ്രീം കോടതിയിലെ പ്രദർശനവുമായി ബന്ധപ്പെട്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായിക കിരൺ റാവു. തുടക്കം മുതലേ ഭൂലിന്റെയും ജയയുടെയും കഥ ആളുകളിലേക്ക് എത്തുമെന്ന് തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇത്തരമൊരു ചരിത്രം സൃഷ്ടിച്ചതിൽ സന്തോഷമുണ്ടെന്നും കിരൺ റാവു പറഞ്ഞു.

“സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിച്ച് ലാപതാ ലേഡീസ് ചരിത്രം സൃഷ്ടിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ ബഹുമതിക്ക് ഞാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോട് നന്ദി പറയുന്നു. തുടക്കം മുതലെ ഭൂലിന്റെയും ജയയുടെയും കഥ ആളുകളിലേക്ക് എത്തുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നുള്ള അതിഗംഭീരമായ സ്‌നേഹം ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹവും പിന്തുണയും തന്നതിന് ഒരുപാട് നന്ദി.”കിരൺ റാവുവിന്റെ വാക്കുകൾ.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായക കിരണ്‍ റാവുവും സ്‌ക്രീനിംഗിൽ പങ്കെടുത്തിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ് കോംപ്ലക്‌സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15 മുതല്‍ 6.20 വരെയായിരുന്നു പ്രദർശനം.

Read more