മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി സി ജോർജ്. ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും എന്ന് പി സി ജോർജ് പറഞ്ഞു. ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പിണങ്ങിയിട്ട് കാര്യമൊന്നുമില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തത്. ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
2025 ജൂബിലി വർഷത്തിൻ്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികൾ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികൾ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർ മണ്ഡ്‌ലയിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പൊലീസ് അവരെ വിട്ടയച്ചതിനെ തുടർന്നു വിശ്വാസികൾ വീണ്ടും മറ്റൊരു പള്ളിയിൽ തീർഥാടനം ആരംഭിച്ചതിനിടെ അക്രമികൾ അവരെ തടഞ്ഞുനിർത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മർദ്ദിച്ച ഹിന്ദുത്വവാദികൾ ഭീഷണിയും മുഴക്കി. പൊലീസിൻ്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്നുമായിരുന്നു വൈദികരുടെ വെളിപ്പെടുത്തൽ.
അതേസമയം എമ്പുരാൻ സിനിമക്കെതിരെയും പി സി ജോർജ് പരാമർശം ഉന്നയിച്ചു. ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് പി സി ജോർജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ലെന്നും കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും പി സി ജോർജ് പറഞ്ഞു. അതേസമയം സിനിമക്ക് കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചതുകൊണ്ടാണ് വെട്ടിയതെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.