വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി. ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്നും വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറിയെന്നും ഇ ഡി പറഞ്ഞു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചെന്നും ഇഡി കണ്ടെത്തി. അതേസമയം ഗോകുലം ഗ്രൂപ്പുകളിൽ കൂടുതൽ പരിശോധന നടത്തുകയാണ് ഇ ഡി.
അതേസമയം എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനും ചോദ്യം ചെയ്യലിലും പിന്നാലെ പ്രതികരിച്ച് ഗോകുലം ഗോപാലൻ രംഗത്തെത്തിയിരുന്നു. ഇ ഡി ഉദ്യോഗസ്ഥർ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ‘ബ്ലെസ്’ ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടതല്ല സ്വാഭാവികമായ പരിശോധന മാത്രമാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അഞ്ച് ഇടങ്ങളിലായായിരുന്നു ഇ ഡി പരിശോധന നടത്തിയത്.
ഗോകുലം ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിന് എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നാണ് ഇഡി അറിയിച്ചു.
റെയ്ഡിൽ ഒന്നരക്കോടി രൂപയും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ ഡി റെയ്‌ഡ് ശനിയാഴ്‌ച പുലർച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്‌ച റെയ്‌ഡ് നടത്തിയിരുന്നു. ഇതിൽ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്‌ഡ് ശനിയാഴ്‌ച പുലർച്ച വരെ നീണ്ടു.
അതേസമയം രാവിലെ കോഴിക്കോട് കോർപറേറ്റ് ഓഫീസിൽവെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.