മാരി സെല്‍വരാജ് ചിത്രം ‘മാമന്നന്‍’ നെറ്റ്ഫ്‌ളിക്‌സിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷം നായകന്‍ ഉദയനിധി സ്റ്റാലിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പ്രശ്‌സകളും വില്ലന്‍ ആയി എത്തിയ ഫഹദ് ഫാസിലിന് ലഭിക്കുന്നുണ്ട്. ജൂലൈ 27ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. നിലവില്‍ 9 രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.
ഫഹദ് ഫാസിലിന്റെ രത്‌നവേല്‍ എന്ന കഥാപാത്രം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടെങ്കിലും അത് വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ചിത്രത്തിലെ വയലന്‍സിനെ കുറിച്ച് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞ അഭിപ്രായമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രം മികച്ചതാണെങ്കിലും സ്‌ക്രീനില്‍ കാട്ടിയ ക്രൂരത തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകള്‍:
മാമന്നന്‍ കണ്ടു. മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി. സ്‌ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അത് ഒഴിച്ചാല്‍ അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. എന്റെ ഹൃദയമിടിപ്പ് പോലും നിശ്ചലമാക്കിക്കളഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഉദയനിധിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും ഗംഭീരമായി. കീര്‍ത്തി സുരേഷ് മികച്ച ഫോമില്‍ ആയിരുന്നില്ലെന്ന് തോന്നി.
വില്ലന്റെ ഭാര്യാ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. തനിക്ക് പറയാനുള്ളത് തെളിമയോടെ പറയാന്‍ മാരി സെല്‍വരാജിന് സാധിച്ചതായി എനിക്ക് തോന്നി. വടിവേലു മാമന്നനായി ജീവിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണെന്ന് ചിത്രം കണ്ടിരിക്കവെ ഞാന്‍ മറന്നുപോയി, മാമന്നനെ മാത്രമേ കാണാനായുള്ളൂ. ഫഹദ് ഒരു മികച്ച നടനാണ്. ഈ റോള്‍ അദ്ദേഹത്തെ സംബന്ധിച്ച് അനായാസമായ ഒന്നാണ്. പക്ഷേ ഡബ്ബിംഗ് ശരിയായോ എന്ന് സംശയം.
Read more
അതേസമയം, വയലന്‍സിനെ കുറിച്ച് പറഞ്ഞതില്‍ വിമര്‍ശനം ഉന്നയിച്ചയാള്‍ക്ക് മറുപടിയുമായും നടി എത്തി. ”സ്‌ക്രീനിലെ വയലന്‍സിന്റെ അതിപ്രസരത്തിനെതിരെ എല്ലായ്‌പ്പോഴും ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ വിധിക്കാന്‍ ഞാന്‍ ആളല്ല. ഞാനെന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. കീഴ്‌പ്പെടുത്തിക്കളയുന്ന ചില കാര്യങ്ങളില്ലാത്ത സിനിമകളെ കുറിച്ച് ഈയിടെ ഞാന്‍ ഒന്നും പറയാറ് തന്നെയില്ല” എന്നാണ് ലക്ഷ്മിയുടെ മറുപടി.