തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ കയ്യടി നേടിയ നടനാണ് മാധവൻ. അലൈപായുതെ എന്ന സിനിമയിലൂടെയാണ് മാധവന്‍ കടന്നു വരുന്നത്. ചിത്രം ഐക്കോണിക് ആയി മാറിയതോടെ മാധവന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിന്നലെയുടെ ഹിന്ദി റീമേക്കായ രെഹ്നാ ഹേ തേര ദില്‍ മേയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും മാധവന്‍ ശ്രദ്ധിക്കപ്പെട്ടു.
നായകനായും സഹനടനായുമെല്ലാം കയ്യടി നേടാന്‍ മാധവന് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ഇന്നും മുന്‍നിര നായകനായി നിറഞ്ഞു നില്‍ക്കുകയാണ്. ടെലിവിഷനില്‍ നിന്നുമാണ് മാധവന്‍ സിനിമയിലെത്തുന്നത്. തമിഴില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മാധവന്‍ ഹിന്ദിയിലും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
തന്റെ അഭിനയ ജീവിതത്തില്‍ സ്ഥിരമായ താന്‍ പേടിയോടെ നോക്കി കാണുന്ന രണ്ട് സമയങ്ങളാണുള്ളതെന്നാണ് മാധവന്‍ പറയുന്നത്. ആദ്യത്തേത് സെറ്റിലെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേതായി മാധവന്‍ ചൂണ്ടിക്കാണിക്കുന്നത് സിനിമയുടെ റിലീസ് ദിവസമാണ്. ”എന്റെ കരിയറിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന രണ്ട് നിമിഷങ്ങളില്‍ ഒന്നാമത്തേത് ഷൂട്ടിന്റെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേത് റിലീസിന്റെ ആദ്യ ദിവസമാണ്. അന്ന് എല്ലാവരും നമ്മളെയാകും നോക്കുക. നീ കഴിഞ്ഞു, നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും” എന്നാണ് മാധവന്‍ പറയുന്നത്. അതേസമയം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രഷറില്‍ നിന്നും സ്വാതന്ത്ര്യവും സമാധാനവും നല്‍കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മാധവന്‍ പറയുന്നുണ്ട്.
അതേസമയം അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മാധവന്‍ പറയുന്നു. ഇത്രയും കാലം അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 25 മാസം പോലും കഴിയും മുമ്പേ ഒരാളുടെ കാലം കഴിയുകയും ഇന്‍ഡ്‌സ്ട്രി അടുത്തയാളെ തേടി പോവുകയും ചെയ്യും. എന്നാല്‍ 25 വര്‍ഷമായി നായകനായി തന്നെ അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നാണ് മാധവന്‍ പറയുന്നത്. ആരാധകരുടെ പ്രശംസകളാണ് തന്നെ നടനെന്ന നിലയില്‍ മെച്ചപ്പെടാനും നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനും പ്രേരിപ്പിക്കുന്നതെന്നും താരം പറയുന്നു.