മുടി കുറവുണ്ടെന്നേയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്, അത്രത്തോളം വിശ്വസനീയമായാണ് '2018' ജൂഡ് ഒരുക്കിയിരിക്കുന്നത്: മമ്മൂട്ടി

ജൂഡ് ആന്തണിയെ പ്രശംസിച്ച് മമ്മൂട്ടി. ‘2018’ സിനിമയുടെ ടീസര്‍ ലോഞ്ച് ചെയ്തു കൊണ്ടാണ് മമ്മൂട്ടി സംസാരിച്ചത്. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്.

ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018.

നമുക്കാര്‍ക്കും സുപരിചിതമല്ലാത്ത വളരെ അപരിചിതമായ ഒരു പ്രകൃതി ദുരന്തം നമ്മളെ തൊട്ടു തലോടി തഴുകി. നമ്മളെ ഭയപ്പെടുത്തി മുന്നോട്ട് പോയ വര്‍ഷം. പിന്നീട് അതിന്റെ അനുരണങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വന്നെങ്കിലും ഈ പ്രളയം നമ്മളെ തയാറെടുപ്പിക്കുകയായിരുന്നു.

നമ്മള്‍ അറിയാത്ത, കേട്ടിട്ടില്ലാത്ത, നമ്മുടെ കണ്‍വെട്ടത്ത് ഒട്ടും വന്നു പോകാത്ത ഒത്തിരി ആളുകളുടെ വളരെയേറെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്. പത്രത്തില്‍ വായിച്ച് ഒരുപാട് വിവിധ നായകന്മാരെ സിനിമയിലൂടെ കാണുമ്പോള്‍ കുറച്ചുകൂടി ഊര്‍ജ്ജവും ആവേശവും തോന്നും.

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ തന്നെ തികച്ചും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും. പക്ഷേ ഈ സിനിമ വെറുതെയല്ല അങ്ങനെ പറയുന്നതെന്ന് നമ്മളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തിയേക്കാം അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.