'മരിച്ചവർക്ക് പോലും സമാധാനം കൊടുക്കില്ല.., അന്ന് ഉണ്ടായ സംഭവങ്ങൾ ഏറെ വേദനിപ്പിച്ചിരുന്നു'; മ‍ഞ്ജു പിള്ള

കെപിഎസി ലളിതയുടെ അവസാന സമയമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചതെന്ന് തുറന്ന് പറ‍ഞ്ഞ് മഞ്ജു പിള്ള.  ലളിതയ്ക്ക് ഒപ്പമുള്ള  ഓര്‍മ പങ്കുവെച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മ‍ഞ്ജു  ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ലളിതാമ്മയുടെ അവസാന സമയമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചത്. സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യല്‍ മീഡിയയിൽ കണ്ട ചില കമന്റുകളാണെന്നും അവർ പറഞ്ഞു.

അമ്മ മരിച്ചു കിടക്കുമ്പോള്‍ ചില മനുഷ്യത്വമില്ലായ്മകള്‍ നടന്നിരുന്നു. സോഷ്യല്‍ മീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല. കയ്യില്‍ മൊബൈലുമായിട്ടാണ് എല്ലാവരും എത്തുന്നത്. കണ്ടാല്‍ തൊഴുത് നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുകയെന്നും മഞ്ജു ചോദിക്കുന്നു.

തന്റെ മുൻപിൽ വെച്ച് നടന്ന സംഭവത്തെപ്പറ്റിയും മഞ്ജു പറഞ്ഞു. പൊതുദര്‍ശന സമയത്ത് ഒരാൾ രണ്ടു കസേരയിട്ട് അതിന്റെ മുകളില്‍ കയറി നിന്ന് മൊബൈലില്‍ പടമെടുക്കുകയാണ്. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ടെന്നും മഞ്ജു അഭിമുഖത്തിലൂടെ പറഞ്ഞു. മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്. അതുപോലെ തന്നെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോഴും സോഷ്യല്‍ മീഡിയ സമാധാനം കൊടുത്തില്ലെന്നും. കാര്യമറിയാതെ ഒരുപാടു പേര്‍ ബഹളമുണ്ടാക്കിയെന്നും അവർ പറഞ്ഞു.

കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സിനിമാക്കാര്‍ സഹായിക്കുന്നില്ലെന്നായിരുന്നു ഉയർന്ന് വന്ന ഒരു പരാതി. സിനിമാക്കാര്‍ കണ്ണില്‍ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കില്‍ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും താന്‍ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷേ, സത്യം അതൊന്നും ആയിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാനാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല അന്ന് അമ്മയുടേത്.

Read more

ഉയർന്ന് വന്ന മറ്റൊരു പരാതി മകന്‍ സിദ്ധാര്‍ത്ഥ് ആരേയും അടുപ്പിക്കുന്നില്ല എന്നായിരുന്നു. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാര്‍ക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാന്‍ സിദ്ധുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവന്‍ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോള്‍ അങ്ങനെയേ ചെയ്യൂവെന്നും മഞ്ജു വ്യക്തമാക്കി.