ആ വാക്ക് പോലും നിങ്ങള്‍ ഉപയോഗിക്കരുത്; പ്രിയദര്‍ശന്റെ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

24 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016 ല്‍ ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. ഒരിക്കല്‍ മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചതും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ചോദിച്ചത്. ചോദ്യം മോഹന്‍ലാലിനെ പ്രകോപിതനാക്കുകയായിരുന്നു. ‘പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ’ എന്നതായിരുന്നു അവതാരകന്റെ ചോദ്യം.

ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും മോഹന്‍ലാല്‍ അവതാരകനെ സമ്മതിച്ചില്ല. തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ (പ്രിയദര്‍ശന്‍) ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Read more

മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ നമുക്ക് അറിയാത്ത മേഖലയാണ്. അതില്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.