പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി, സംസ്ഥാന അവാര്‍ഡ് വരെ നഷ്ടമായി..; രതീഷിനെതിരെ വീണ്ടും ആരോപണങ്ങള്‍

സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കോസ്റ്റിയൂം ഡിസൈനര്‍ ലിജി പ്രേമന്റെ പരാതിയെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട സംവിധായകന് എതിരെ കലാസംവിധായകന്‍ അനൂപ് ചാലിശേരിയാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ കലാസംവിധായകനായ അജയ് മാങ്ങാടിനോട് കാണിച്ച അനീതിയാണ് അനൂപ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ഭൂരിഭാഗം സെറ്റ് വര്‍ക്കുകളും ചെയ്ത അജയ് മാങ്ങാടിന്റെ പേര് ടൈറ്റിലില്‍ കൊടുക്കാത്തതിനാല്‍ അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് നഷ്ടമായി. പകരം അഞ്ച് ശതമാനം മാത്രം വര്‍ക്ക് ചെയ്ത കലാസംവിധായകന് അവാര്‍ഡ് കിട്ടി എന്നാണ് അനൂപ് ചാലിശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അനൂപ് ചാലിശേരിയുടെ കുറിപ്പ്:

പ്രിയ ലിജീ…
‘ന്നാ താന്‍ കേസ് കൊടു’ത്തത് നന്നായി… നിങ്ങള്‍ക്ക് നീതി ലഭിക്കട്ടെ… സത്യം എന്നായാലും പുറത്തുവരും. അവഗണിക്കപ്പെടുന്നവരുടെ കരച്ചിലുകള്‍ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഞാന്‍ താങ്കള്‍ക്കൊപ്പമാണ്. പ്രിയ സംവിധായകര്‍…. ശ്രദ്ധിക്കുമല്ലോ. ജെ.സി. ഡാനിയേല്‍ സാര്‍ മുതല്‍ വളരെ പ്രഗല്‍ഭരും പ്രശസ്തരുമായ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരുപാട് പേര് ഇരുന്നുവാണ ‘സംവിധായക കസേര’യില്‍ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും ചീഞ്ഞു നാറുന്നുവെങ്കില്‍ ഒരു സംവിധായകന്‍ നാറ്റിക്കുന്നുവെങ്കില്‍ ആ ഭാഗം അവിടെയങ്ങു കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം. അല്ലെങ്കില്‍ സിനിമ കാണുന്ന മൊത്തം പ്രേക്ഷകര്‍ക്കും ഞങ്ങള്‍ ടെക്നീഷ്യന്‍മാര്‍ക്കുമൊക്കെ ടി കസേരയോട് തോന്നുന്ന വലിയ ആദരവും സ്‌നേഹവും കുറയും.

മലയാള സിനിമയെയും ടെക്നീഷ്യന്‍സിനെയുമൊക്കെ മുമ്പില്ലാത്തവിധം ലോകം മുഴുവന്‍ വാഴ്ത്തുന്ന കാലമാണ്. അപ്പൊ പിന്നെ ഇമ്മാതിരി പരിപാടികള്‍ കാണിച്ചാല്‍… സോഷ്യല്‍ മീഡിയ മൊത്തം പരന്നാല്‍. മ്മ്‌ടെ സിനിമാക്കാരുടെ പേരിന് മൊത്തം ഇടിവല്ലേ സംവിധായകന്‍ സാര്‍…? ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്റെ ചോരയും നീരും ചിന്തകളും നല്‍കിയ ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക. വേലക്കാരിയെപ്പോലെ പെരുമാറുക. പേര് ക്രെഡിറ്റ് ലിസ്റ്റില്‍ കൊടുക്കാതിരിക്കുക. അതേ സിനിമയുടെ നിര്‍മ്മാതാക്കള്‍, സംവിധായകന്‍ ഒട്ടും സൗഹാര്‍ദ്ദപരമായി പെരുമാറിയില്ലെന്ന് സമ്മതിക്കുക. ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത്? ഇത്തരം സംവിധായകരെ ഒരു തരത്തിലും.

ഒരു ഭാഷയിലും അനുവദിക്കരുത്. ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വര്‍ക്ക് ചെയ്ത കലാസംവിധായകന്‍ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ കൊടുത്തില്ല. ബാക്കിയുള്ള 5 ശതമാനം മാത്രം സെറ്റ് വര്‍ക്ക് ചെയ്ത വേറൊരു കലാസംവിധായകന് അതേ വര്‍ഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും കിട്ടി. അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകന്‍ പരിഹസിക്കപ്പെട്ടു. ആരോപണങ്ങളാല്‍ തളയ്ക്കപ്പെട്ടു. അയാള്‍ പ്രതിഷേധിച്ചില്ല… കോടതിയില്‍ പോയില്ല… സോഷ്യല്‍ മീഡിയയില്‍ നിരന്തരം തള്ളി മറിച്ചില്ല. പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി. അവഗണന മാറിയില്ല ഇതാ മറ്റൊരാള്‍ കൂടി ഇരയായിരിക്കുന്നു.

ജനത്തിന് ഇത് വല്ലതുമറിയാവോ..? സംവിധായകാ…. നിങ്ങള്‍ ഒന്ന് ചുണ്ടനക്കിയിരുന്നെകില്‍… ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ ആ കലാകാരന്റെ അര്‍ഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല. പേരോ പെരുമയോ വേണ്ട… ഒരിത്തിരി മര്യാദ… സഹജീവികളോട് കരുണ അല്‍പ്പം സൗഹാര്‍ദ്ദം… അതല്ലേ വേണ്ടത്. ഒരു സിനിമ എന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഒരാളും ആരുടേയും അടിമയല്ല. പ്രിയ ലോഹിതദാസ് സാറിന്റെ വാക്കുകളാണ്. ഓര്‍മ്മ വരുന്നത്…. ‘കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വണ്ടാവൂ… തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി… ആ മനസ് നഷ്ടമാവരുത്.