സിനിമയിലെ അന്ധവിശ്വാസം കൊണ്ടാണ് മെയിന്‍ സ്ട്രീം സംവിധായകര്‍ എന്നെ അവഗണിച്ചത്, ഇതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല: സംഗീത സംവിധായകന്‍ ശരത്

രാശിയില്ലാത്ത സംഗീത സംവിധായകന്‍ എന്ന പറച്ചില്‍ തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ശരത്. ഗാനങ്ങളെല്ലാം ഹിറ്റ് ആയിരുന്നുവെങ്കിലും സിനിമ വിജയിക്കാത്തതിന് പിന്നില്‍ രാശിയില്ലാത്ത സംഗീത സംവിധായകന്‍ ആണെന്ന പ്രചാരണങ്ങള്‍ ഉണ്ടായെന്നും ശരത് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത് തന്റെ പല വര്‍ക്കുകളിലും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി തനിക്കിന്നും മനസിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം. എന്നാല്‍ ആ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല.

ഇന്നും ആ ഗാനങ്ങള്‍ ലൈവായി നില്‍ക്കുകയാണ്. അന്നിത്ര മീഡിയകളില്ല, മീഡിയ സപ്പോര്‍ട്ടും ഇല്ല. എങ്കിലും പാട്ടുകള്‍ ധാരാളം പേര്‍ സ്വീകരിച്ചു. പാട്ടിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് സ്വീകരിച്ച ധാരാളം ആരാധകര്‍ അന്നും ഉണ്ടായിരുന്നു. സവിധായകര്‍ തന്നെ അവഗണിക്കാന്‍ കാരണം സിനിമയിലെ അന്ധവിശ്വാസമാണ്.

ചില പ്രചാരണങ്ങള്‍ അങ്ങനെ വിശ്വസിക്കപ്പെടുന്നു. സിനിമ ഒരു കൂട്ടായ്മയാണ്, ഫുട്‌ബോള്‍ കളിപോലെ. ഒരാള്‍ മോശമായാല്‍ അത് കളിയെ ബാധിക്കും. അതാണ് സിനിമയുടെ ജയപരാജയങ്ങള്‍ക്കു പിന്നില്‍. നിയന്ത്രിക്കേണ്ടയാള്‍ ഡയറക്ടറാണ്. മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും.

പാട്ടുകള്‍ വിജയത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുക. ഡയറക്ടറുടെ ആത്മവിശ്വാസമാണ് പ്രധാനം. അല്ലാതെ ആരെങ്കിലും പറയുന്ന ഗോസിപ്പുകള്‍ വിശ്വസിക്കുകയല്ല വേണ്ടത്. സിനിമ ഹിറ്റാകാതെ എത്രയോ ഗാനങ്ങള്‍ ഹിറ്റായിരിക്കുന്നു, തിരിച്ചും സംഭവിക്കുന്നു എന്നാണ് ശരത് പറയുന്നത്.