കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല... ഒരുതരം വാശിയായിരുന്നു: നവ്യ നായര്‍

നൃത്തം ചെയ്യുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടി നവ്യ നായര്‍. നൃത്തം തന്നെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിച്ചു. രാവിലെ എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശിയോടെ മുടങ്ങാതെ ചെയ്തു എന്നാണ് നവ്യ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തംചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ക്കെട്ടിയ ബാന്‍ഡേജ് നനഞ്ഞു കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടിനിന്ന് നൃത്തം ചെയ്തുകൊണ്ടേയിരിക്കുക…’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്ത ഈ വരികളില്‍ ആത്മസങ്കടം മുഴുവനുമുണ്ടായിരുന്നു.

ആ വരികള്‍ അന്നും ഇന്നും എപ്പോഴും പ്രസക്തമാണ്. ഞാന്‍ ജീവിതത്തില്‍ കുറെ സങ്കടങ്ങള്‍ക്ക് നടുവിലേക്ക് വീണുപോയപ്പോള്‍ എനിക്ക് ആശ്വാസത്തിന്റെ പിടിവള്ളിയായത് നൃത്തം മാത്രമാണ്. സങ്കടങ്ങളാല്‍ മനസ് തകര്‍ന്നിരുന്ന എത്രയോ ദിവസങ്ങളുണ്ടായിട്ടുണ്ട്. എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശി പോലെ മുടങ്ങാതെ ചെയ്തു. എത്ര വേദനയുണ്ടായാലും അതെല്ലാം മനസിലൊതുക്കി നൃത്തം ചെയ്തു കൊണ്ടേയിരുന്നു. നൃത്തം ചെയ്ത് വിയര്‍ത്തൊഴുകി നില്‍ക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു പ്രത്യേക ആനന്ദാവസ്ഥയുണ്ട്. വാക്കുകളില്‍ പറയാനാകില്ല.

അനുഭവിച്ചാല്‍ മാത്രം കൈവരുന്ന ആനന്ദം, അനന്താനന്ദം എന്നൊരവസ്ഥ. പനി വന്നാല്‍ ആവി പിടിക്കാറില്ലേ? അതുപോലൊരു അവസ്ഥയായിട്ടാണ് നൃത്തം ചെയ്ത് വിയര്‍ത്തൊഴുകുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ആ നൃത്തമാണ് എന്നെ സങ്കടങ്ങളില്‍ നിന്ന് വേറൊരു തലത്തിലുള്ള ലോകത്തേക്ക് മോചിപ്പിച്ചത് എന്നാണ് നവ്യ പറയുന്നത്.

Read more