അദ്ദേഹത്തെ ഇംപ്രസ് ചെയ്യിക്കാന്‍ പറ്റുന്ന, അതിനുവേണ്ടി മാത്രം ആലോചിച്ച് ചെയ്ത പ്രൊജക്ട് ആണിത്, കാവലിനെക്കുറിച്ച് നിതിന്‍ രഞ്ജി പണിക്കര്‍

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായെത്തിയ കാവല്‍ കഴിഞ്ഞ നവംബര്‍ 25 നാണ് തീയേറ്റുകളിലെത്തിത്. സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും പിന്നീടത് എടുക്കണമെന്ന് തന്നെ നിശ്ചയിച്ച് ഉറപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കസബക്ക് മുന്‍പേ സുരേഷങ്കിളുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലേലം 2 ആദ്യം ആലോചിച്ചു. അത് നടന്നില്ല. കസബക്ക് ശേഷം സുരേഷങ്കിളിന് വേണ്ടി ഒരു പ്രോജക്ട് ആലോചിച്ചു. അത് ഷൂട്ടിങ് സ്റ്റേജിലേക്ക് എത്തിയതാണ്, എന്നാലതും മുടങ്ങിപ്പോയി. ഒരു ഫാന്‍ബോയ് എന്ന നിലയ്ക്ക് സുരേഷ് ഗോപിയെ വെച്ച് ഒരു സിനിമ ചെയ്തേ പറ്റൂ എന്നുണ്ടായിരുന്നു.

് അദ്ദേഹത്തെ വെച്ച് ഒരു സിനിമയെടുക്കണമെന്നൊരു നിശ്ചയദാര്‍ഢ്യം ഉണ്ടായി. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ ഇംപ്രസ് ചെയ്യിക്കാന്‍ പറ്റുന്ന, അതിനുവേണ്ടി മാത്രം ആലോചിച്ച് ചെയ്ത പ്രൊജക്ട് ആണിത്. സീന്‍ ഒന്ന് എഴുതുമ്പോള്‍ തന്നെ മനസിലുണ്ടായിരുന്ന ആക്ടര്‍ സുരേഷ് ഗോപിയായിരുന്നു,’ നിഥിന്‍ പറഞ്ഞു.

2016 ല്‍ മമ്മൂട്ടി നായകനായ കസബ ആയിരുന്നു നിഥിന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപിയെ നായകനാക്കി അദ്ദേഹത്തിന്റെ പുതിയ ചിത്രമെത്തിയത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് കാവല്‍ നിര്‍മ്മിച്ചത്. രഞ്ജി പണിക്കരും ചിത്രത്തില്‍ മറ്റൊരു പ്രധാനേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.