സൂര്യയ്ക്കും ജ്യോതികയ്ക്കും നന്ദി പറഞ്ഞ് നിവിന്‍ പോളി

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തിയ തമിഴ് താരം സൂര്യക്കും ഭാര്യ ജ്യോതികയ്ക്കും നന്ദി പറഞ്ഞ് നിവിന്‍ പോളി. കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ടാണ് സൂര്യയും ജ്യോതികയും എത്തിയത്. നേരത്തെ ഇരുവരും സെറ്റിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൂര്യയ്ക്കും ജ്യോതികയ്ക്കും നന്ദി പറഞ്ഞു കൊണ്ട് നിവിന്‍ പോളി പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍

കാസര്‍ഗോഡ് മഞ്ചേശ്വരത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. സെറ്റിലെത്തിയ ഇരുവരെയും മാലയണിയിച്ചാണ് നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് പതിപ്പിലൂടെയായിരുന്നു ജ്യോതിക ഏറെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. ഈ ബന്ധമാണ് ഇരുവരെയും കേരളത്തിലെത്തിച്ചത്. സെറ്റില്‍ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്ന സൂര്യയും ജ്യോതികയും കേക്ക് മുറിച്ച ശേഷം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്കും അവതരിപ്പിച്ചു.

Read more

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദാണ് നായികയായി എത്തുന്നത്. എസ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് പ്രിയാ ആനന്ദ്.