കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്: പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ തീയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി നടന്ന പ്രമോഷന്‍ പരിപാടിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന് നന്ദി പറഞ്ഞിരിക്കുകയാണ്് പ്രിയദര്‍ശന്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രേക്ഷകര്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന് ചിത്രം തെളിയിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’പണത്തിന് അപ്പുറം ബോര്‍ഡം എന്നൊരു കാര്യമുണ്ട്. ആകെയുള്ള ഒരേയൊരു എന്റര്‍ടെയ്ന്‍മെന്റ് എന്നത് സിനിമ എന്നത് മാത്രമാണ്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് വരും. അത് തന്നെയാണ് കുറുപ്പ് എന്ന സിനിമയുടെ വിജയവും. ആളുകള്‍ വന്നു. ആ സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ആ സിനിമ കാണിച്ചു തന്നു ആളുകള്‍ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുമെന്ന്’, പ്രിയദര്‍ശന്‍ പറഞ്ഞു.

നേരത്തെ പ്രിയദര്‍ശന്‍ നടത്തിയ ഒരു പരാമര്‍ശം ഏറെ വിവാദമായിരുന്നു. ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി കൊണ്ട് വന്നു തിയേറ്ററുകാരെ സഹായിച്ചു. അതൊന്നും ശരിയല്ല’, എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. കുറുപ്പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു.

Read more

പിന്നാലെ വിഷയത്തില്‍ പ്രിയദര്‍ശന്‍ ട്വിറ്ററിലൂടെ പ്രതികരണവും രേഖപ്പെടുത്തിയിരുന്നു. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നദ്ദേഹം പറഞ്ഞു.