'പൈറസി തടയാന്‍ ജാമ്യമില്ലാ വകുപ്പും, 6 വര്‍ഷം ജയില്‍ ശിക്ഷയും കൊണ്ടുവരണം'; ഒ.ടി.ടിയിലും തിയേറ്ററിലും ഒരുമിച്ച് സിനിമ റിലീസ് സാധ്യമാക്കണമെന്ന് നിര്‍മ്മാതാവ്

കോവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമ പ്രതിസന്ധിയില്‍ തുടരുകയാണ്. ഈ ഘട്ടത്തില്‍ സിനിമ ഒ.ടി.ടിയിലും തിയേറ്ററിലും ഒരുമിച്ചു റിലീസ് ചെയ്യാനുള്ള സാധ്യതയെ കുറിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. ഒരിക്കലും പൈറസി വരാന്‍ ഇടയില്ലാത്ത ടെക്‌നിക്കല്‍ വശങ്ങള്‍ ഉള്‍പ്പെടുത്തി വേണം ഒ.ടി.ടി നടപ്പില്‍ വരുത്താന്‍ എന്നും പൈറസി ചെയ്യുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പും, കുറഞ്ഞത് 6 വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന നിയമം കൊണ്ടുവരണമെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

സിനിമ വകുപ്പ് മന്ത്രി മുന്നോട്ട് വച്ച സിനിമയുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോം സിനിമയിലെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുമെന്നാണ് എന്റെ വിശ്വാസം.. കാരണം ഇനി അങ്ങോട്ട് ഇതൊക്കെ തന്നെ ആണ്.. സര്‍ക്കാര്‍ സിനിമ നിര്‍മ്മാതാക്കളെയും ഉള്‍പ്പെടുത്തി വേണം മുന്നോട്ട് പോകുവാന്‍..

വില്‍പ്പന കരാര്‍ വ്യക്തമായി ഒരു പത്തു മുതല്‍ 15 വര്‍ഷം മാത്രം കലാവധി വെക്കുവാന്‍ പാടുള്ളു.. അത് കഴിഞ്ഞു റൈറ്റ് തിരിച്ചു നിര്‍മ്മാതാവിന് സ്വന്തമാകണം.. അങ്ങനെ ആയാല്‍ മാത്രമാണ് നിര്‍മ്മാതാവിന് സിനിമയില്‍ നിന്ന് വീണ്ടും വരുമാനം ഉണ്ടാകുള്ളൂ. അത് നിര്‍മ്മാതാവിന്റെ നിലനില്‍പ്പിന് സഹായകമാകും..

എല്ലാവരും ഒരുമിച്ചു നിന്നാല്‍ മലയാള സിനിമക്ക് മാത്രം ഒരു ഒ.ടി.ടി സ്വന്തമാകും.. സിനിമ ഒ.ടി.ടിയിലും തിയേറ്ററിലും ഒരുമിച്ചു റിലീസ് ഇനി സാധ്യമാക്കുക. പ്രേക്ഷകര്‍ക്ക് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ സാധിക്കും.. ഈ കാലഘട്ടത്തില്‍ തിയേറ്ററില്‍ പ്രേക്ഷക സാന്നിധ്യം കുറയുന്നത് സ്വാഭാവികമാകും.. എല്ലാവരും അത് മനസ്സിലാക്കാന്‍ ശ്രമിക്കണം.

അത് പോലെ സിനിമക്ക് തിയേറ്റര്‍ റിലീസില്‍ നിന്ന് വിനോദ നികുതി പൂര്‍ണ്ണമായി ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ സിനിമ വ്യവസായം നിലനിര്‍ത്താന്‍ മുന്നോട്ട് വരണം.. ഒരിക്കലും പൈറസി വരാന്‍ ഇടയില്ലാത്ത ടെക്‌നിക്കല്‍ വശങ്ങള്‍ ഉള്‍പ്പെടുത്തി വേണം ഒ.ടി.ടി നടപ്പില്‍ വരുത്താന്‍..

സിനിമ പൈറസി ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നടപടി വേണം. അതിനായി നിയമ ഭേദഗതി അടിയന്തിരമായി സര്‍ക്കാര്‍ കൊണ്ട് വരണം. പൈറസി ചെയ്യുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പും, കുറഞ്ഞത് 6 വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന നിയമം കൊണ്ടുവരണം.. അല്ലാതെ സിനിമവ്യവസായം നല്ലരീതിയില്‍ മുന്നോട്ട് പോകില്ല..

സിനിമ തൊഴിലാളികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. പഴയ സിനിമ നിര്‍മ്മാതാക്കളെയും കണ്ടെത്തി അവരെ കൂടി ആരോഗ്യഇന്‍ഷുറന്‍സിന്റെ കീഴില്‍ കൊണ്ടുവരിക. അവരില്‍ ഭൂരിഭാഗവും വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്.

ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും ചലച്ചിത്ര അക്കാദമിയിലും നിര്‍മ്മാതാക്കളെ ഉള്‍പെടുത്തുവാന്‍ ശ്രമിക്കണം.. സ്റ്റേറ്റ് അവാര്‍ഡ് ജൂറിയില്‍ നിര്‍മ്മാതാക്കളെ ഉള്‍പെടുത്തുക.. ഇവര്‍ അല്ലെ ഇവിടെ സിനിമ നിര്‍മ്മിക്കുന്നത്.. സിനിമ നിര്‍മ്മിക്കാന്‍ പ്രൊഡ്യൂസര്‍ ഉള്ളത് കൊണ്ടാണ്..

അവാര്‍ഡ് നിശ.. ഫിലിം ഫെസ്റ്റിവല്‍… ഒക്കെ ഇവിടെ നടക്കുന്നതെന്ന് സിനിമ മന്ത്രി ആലോചിച്ചു നോക്കുക. നിര്‍മ്മാതാക്കളും കലാകാരന്മാരാണ് അത് കൊണ്ടാണ് പുതിയകഥകള്‍ കേട്ട് പുതിയ സംവിധായകരെ കൊണ്ട് നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നത്.. കലാമൂല്യമുള്ള സിനിമകള്‍ കൂടി സര്‍ക്കാര്‍ കൊണ്ട് വരുന്ന ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തയ്യാറാകണം..

കൈയും കാലും പിടിച്ചാല്‍ പോലും സര്‍ക്കാര്‍ തിയേറ്ററിലും കലാ മൂല്യമുള്ള സിനിമകള്‍റിലീസ് ചെയ്യാന്‍ അവസരം തരാറില്ല.. ഇതിനൊക്കെ ഒരു മാറ്റം വരുത്താന്‍ സര്‍ക്കാര്‍ കൊണ്ട് വരുന്ന ഒ.ടി.ടി പ്ലാറ്റ് ഫോമിന് കഴിയട്ടെ…

Read more