'എനിക്ക് പൂര്‍ണമായും തൃപ്തി തോന്നിയ ഗാനം'; മുന്തിരി മൊഞ്ചനിലെ ഗസലിനെ കുറിച്ച് റഫീഖ് അഹമ്മദ്

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന “മുന്തിരി മൊഞ്ചന്‍” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ടീസറും മറ്റും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ “ഓര്‍ക്കുന്നു ഞാനാ ദിനാന്തം…” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് വിജിത്ത് നമ്പ്യാരാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ഗസല്‍ ടച്ചോടെയുള്ള ഈ ഗാനം തനിക്ക് പൂര്‍ണമായും തൃപ്തി തോന്നിയ ഗാനമാണെന്നാണ് റഫീഖ് പറയുന്നത്.

“ഒരു ഗാനത്തിന്റെ പിറവിയെന്ന് പറയുന്നതില്‍ പല ഘടകങ്ങളുണ്ട്. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായാല്‍ പാട്ട് നന്നാവില്ല. രചനയും സംഗീതവും ആലാപനവുമെല്ലാം നന്നായി വരുമ്പോഴാണ് മനോഹരമായ ഒരു ഗാനം പിറക്കുന്നത്. ഇത്തരത്തില്‍ എനിക്ക് പൂര്‍ണമായും തൃപ്തി തോന്നിയിട്ടുള്ള ഒരു ഗാനമാണ് മുന്തിരി മൊഞ്ചനിലെ ഓര്‍ക്കുന്നു ഞാനാ ദിനാന്തം… എന്ന ഗാനം. ആ ഗാനത്തിന് ഗസലിന്റെ ഒരു സ്വഭാവമാണ്. ഞാനെഴുതിയതില്‍ നല്ലതെന്നു ഞാന്‍ വിചാരിക്കുന്ന ഗാനങ്ങളുടെ പട്ടികകളിള്‍ തീര്‍ച്ചയായും ഈ ഗാനവുമുണ്ടാകും.” റഫീഖ് പറഞ്ഞു.

Read more

ടൂര്‍ണമെന്റ് ഫെയിം മനേഷ് കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. അഞ്ജലി നായര്‍, ഗോപിക അനില്‍, ഇന്നസെന്റ്, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വിശ്വാസ് മൂവീസിന്റെ ബാനറില്‍ പി.കെ. അശോകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി ആര്‍ സുമേരന്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നത്. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.