മിസ്റ്റര്‍ പിണറായി വിജയന്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സമയം അതിക്രമിച്ചു, ഇത് ഇപ്പോള്‍ ചെകുത്താന്റെ രാജ്യമാണ്: രാമസിംഹന്‍

അതിക്രൂരമായാണ് ഡോ. വന്ദന ദാസിനെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം. ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടി തുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകന്‍ രാമസിംഹന്‍.

”ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു, മിസ്റ്റര്‍ പിണറായി വിജയന്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സമയം അതിക്രമിച്ചു, ലഹരി ഒരു ഗ്രാം പോലും പിടിച്ചെടുത്താല്‍ മിനിമം 2 വര്‍ഷം കഠിന തടവിനുള്ള വകുപ്പുണ്ടാവണം.”

”കച്ചവടക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണം.. ജാമ്യം ലഭിക്കരുത്…കേരളം ഇപ്പോള്‍ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓര്‍മ്മയുണ്ടായാല്‍ നന്ദി..മരണപ്പെട്ട ഡോക്ടര്‍ സഹോദരിക്ക് ആദരാഞ്ജലികള്‍..” എന്നാണ് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ആയ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്‌പെന്‍ഷനിലുള്ള നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ കുടവട്ടൂര്‍ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നത്.

Read more

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.