മകൾ ജനിച്ചതോടെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രൺബിർ കപൂർ. എഴുപത്തിയൊന്നാം വയസ്സിൽ താൻ മരിക്കുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും, മകൾ ജനിച്ചതോടെ അത്തരം ഭയം തന്നെ വിട്ടുപോയെന്നും രൺബിർ പറയുന്നു.
കൂടാതെ പതിനേഴാം വയസിൽ ആരംഭിച്ച പുകവലി കഴിഞ്ഞവർഷത്തോടെ നിർത്താൻ കഴിഞ്ഞത്, മകൾക്ക് വേണ്ടി ആരോഗ്യത്തോടെ ഇരിക്കണമെന്ന ചിന്ത വന്നതുകൊണ്ടാണെന്നും രൺബിർ പറയുന്നു.
“ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു മകളുടെ ജനനം. ഞാൻ ഇപ്പോൾ ഒരു പിതാവാണ്. ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ പുനഃർ ജനിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ മനസിലുള്ളത് പുതിയ ചിന്തകളും വിചാരങ്ങളും മാത്രമാണ്. റാഹ ജനിച്ചതിന് ശേഷം പല കാഴ്ചപ്പാടുകളും മാറി. ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. എഴുപത്തിയൊന്നാം വയസിൽ മരിക്കുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അത് വളരെ അടുത്തെത്തി. ഇനിയൊരു 30 വർഷം കൂടി. ഇപ്പോൾ അത്തരത്തിലുള്ള ചിന്തയെല്ലാം മാറി. അതിന് കാരണം റാഹയാണ്.
റാഹയുടെ ജനനത്തിന് ശേഷം പുകവലി നിർത്തി. 17-ാം വയസിൽ ആരംഭിച്ചതാണ് പുകവലി. കഴിഞ്ഞ വർഷം അവസാനത്തോടെ അത് പൂർണ്ണമായി ഉപേക്ഷിച്ചു. പിതാവ് എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ എനിക്കുണ്ടായി. എന്റെ മകൾക്കായി ഞാൻ ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് പുകവലി നിർത്താനുള്ള കാരണം. റാഹയെ ഡോക്ടർ എന്റെ കൈയിൽ തന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരത്തിലൂടെയാണ് ഞാൻ കടന്നുപോയത്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബിർ പറഞ്ഞത്.