RR UPDATES: എന്ത് ചെയ്യാനാണ് മക്കളെ, ഒരു ബുദ്ധിമാനായ നായകൻ ആയി പോയില്ലേ; ചരിത്രത്തിൽ ഇടം നേടി സഞ്ജു സാംസൺ

ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ചരിത്ര പുസ്തകങ്ങളിൽ സഞ്ജു തന്റെ പേര് എഴുതി ചേർത്തു, 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 50 റൺസിന്റെ വിജയത്തോടെ ഫ്രാഞ്ചൈസിയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി സഞ്ജു മാറിയിരിക്കുന്നു. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം, സാംസണിന്റെ നായകനെന്ന നിലയിൽ 32-ാം വിജയമായി മാറി. ഇതോടെ ഇതിഹാസ താരം ഷെയ്ൻ വോണിന്റെ 31 വിജയങ്ങൾ എന്ന റെക്കോഡ് അദ്ദേഹം മറികടന്നു.

2008 ലെ ഐ‌പി‌എല്ലിന്റെ ആദ്യ സീസണിൽ ആർ‌ആറിനെ കിരീടത്തിലേക്ക് നയിച്ച വോൺ 55 മത്സരങ്ങളിൽ നിന്ന് 31 വിജയങ്ങൾ നേടി. ഇപ്പോൾ 62 മത്സരങ്ങളിൽ നിന്ന് 32 വിജയങ്ങൾ നേടിയ സാംസൺ, റോയൽസിന്റെ ഏറ്റവും മികച്ച നേതാവെന്ന തന്റെ പാരമ്പര്യം ഉറപ്പിച്ചു.

ആർആർ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (ഐപിഎൽ)

32 – സഞ്ജു സാംസൺ (62 മത്സരങ്ങൾ)

31 – ഷെയ്ൻ വോൺ (55 മത്സരങ്ങൾ)

18 – രാഹുൽ ദ്രാവിഡ് (34 മത്സരങ്ങൾ)

15 – സ്റ്റീവൻ സ്മിത്ത് (27 മത്സരങ്ങൾ)

9 – അജിങ്ക്യ രഹാനെ (24 മത്സരങ്ങൾ)

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 50 റൺസിനായിരുന്നു പഞ്ചാബിന്റെ തോൽവി. മുല്ലാൻപൂരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. യശസ്വി ജയ്‌സ്വാൾ (45 പന്തിൽ 67), റിയാൻ പരാഗ് (25 പന്തിൽ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസൺ (26 പന്തിൽ 38) നിർണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനാണ് സാധിച്ചത്.

Read more