സത്യൻ അന്തിക്കാട് പറഞ്ഞാലും ആര് പറഞ്ഞാലും അതൊരു മോശം പ്രവണതയാണ്..: രഞ്ജൻ പ്രമോദ്

രഞ്ജൻ പ്രമോദ് സംവിധനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഒ ബേബി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രേക്ഷക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിലീഷ് പോത്തൻ, രഘുനാഥ് പാലേരി, വിഷ്ണു അഗസ്ത്യ തുടങ്ങിയവരൊടൊപ്പം പുതുമുഖങ്ങളും അണിനിരന്ന ചിത്രത്തിനെ കുറിച്ച് സത്യൻ അന്തിക്കാട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. കെജി ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാണ് ഒ ബേബിയെ സത്യൻ അന്തിക്കാട് പ്രശംസിച്ചത്. എന്നാൽ ഇപ്പോഴിതാ ഇത്തരം താരതമ്യങ്ങൾ അടിസ്ഥാനപരമായി സിനിമയെ തകർക്കുന്നതാണെന്ന് പറയുകയാണ് സംവിധായകൻ രഞ്ജൻ പ്രമോദ്.

“കെ ജി ജോര്‍ജ്, അടൂര്‍ ​ഗോപാലകൃഷ്ണന്‍, പത്മരാജന്‍, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല എനിക്ക്.

അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍. കാരണം ഉള്ളടക്കത്തിലോ ട്രീറ്റ്മെന്‍റിലോ പശ്ചാത്തലത്തിലോ ഒന്നും ഒരു ബന്ധവും ഓ ബേബിക്ക് ഇരകളുമായിട്ട് ഇല്ല. ഇരകള്‍ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഒരു ഏലക്കാട് ഒന്നും അല്ല.

ഒരു റബ്ബര്‍ തോട്ടമാണ്. ആ റബ്ബര്‍ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്‍റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞത്.