സാര്‍ കേള്‍ക്കുന്നുണ്ടോ, ഇപ്പോ എങ്ങനെയിരിക്കുന്നു; മികച്ച പ്രതികരണം നേടി നന്‍പകല്‍ നേരത്ത് മയക്കം, രഞ്ജിത്തിനെതിരെ പ്രേക്ഷകര്‍

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇപ്പോഴിതാ തീയേറ്ററുകളിലെത്തിയ സിനിമ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

തീയേറ്ററുകളില്‍ ധാരാളം ആളുകളാണ് നന്‍ പകല്‍ നേരത്ത് മയക്കം കാണാനെത്തിയത്. സിനിമ മികച്ച ആസ്വാദന അനുഭവമാണ് നല്‍കിയതെന്ന് പറയുന്നതിനൊപ്പം ഐഎഫ്എഫ്‌കെ വിവാദത്തില്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്റെ വാക്കുകളും ചര്‍ച്ചയാവുകയാണ്.


മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരും അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’ എന്നായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. സിനിമയെക്കുറിച്ച് പുറത്തുവരുന്ന നല്ല റിവ്യുകളും പ്രേക്ഷകരുടെ അഭിപ്രായവുമൊക്കെ രഞ്ജിത്ത് സാര്‍ കാണുന്നുണ്ടോ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ചോദിക്കുന്നത്.

സംഘട്ടന രംഗങ്ങള്‍ക്കും വയലന്‍സിനും കടുത്ത ഭാഷാപ്രയോഗങ്ങള്‍ക്കുമൊക്കെ സ്ഥാനമുണ്ടായിരുന്നവയാണ് ലിജോയുടെ മുന്‍ ചിത്രങ്ങളെങ്കില്‍ അതില്‍ നിന്ന് മാറി വളരെ വ്യത്യസ്തമായൊരു രീതിയാണ് ഈ സിനിമയില്‍ ലിജോ പരീക്ഷിച്ചിരിക്കുന്നത്. നാടകട്രൂപ്പ് ഉടമ ജെയിംസ്, പഴനി സ്വദേശി സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായുള്ള പരകായപ്രവേശമാണ് ചിത്രത്തില്‍ മമ്മൂട്ടി നടത്തുന്നത്. ചിത്രം കണ്ട പ്രേക്ഷകര്‍ എല്ലാവരും തന്നെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും എടുത്ത് പറയുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.