24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, ഭൂമിയില്‍ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍..; വിക്രത്തിനൊപ്പം ഋഷഭ് ഷെട്ടി

താന്‍ സിനിമയിലേക്ക് വരാന്‍ പ്രചോദനമായ വ്യക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രം ആണെന്ന് കന്നഡ താരവും സംവിധായകനുമായ ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി.

‘തങ്കലാന്‍’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്. വിക്രത്തെ കണ്ട ശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താന്‍ ആണെന്ന് തോന്നുകയാണ് എന്നാണ് ഋഷഭ് താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”നടന്‍ ആവാനുള്ള എന്റെ യാത്രയില്‍ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സാര്‍ ആയിരുന്നു. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ ആരാധനാമൂര്‍ത്തിയെ ഇന്ന് നേരില്‍ക്കാണുമ്പോള്‍ തോന്നുന്നത് ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാന്‍ ആണെന്നാണ്. എന്നെ പോലുള്ള നിരവധി നടന്മാര്‍ക്ക് പ്രചോദനമാകുന്നതിന് നന്ദി.”

”തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ലവ് യു” എന്നാണ് ഡ്രീം കം ട്രൂ, തങ്കലാന്‍ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചത്. അതേസമയം, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രത്തിന്റെതായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രം.

സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തങ്കലാന്റെ പ്രമേയം. ഓഗസ്റ്റ് 15ന് ആണ് ചിത്രത്തിന്റെ റിലീസ്. നിലവില്‍ ‘കാന്താര’യുടെ രണ്ടാം ഭാഗം ഒരുക്കാന്‍ പോവുകയാണ് ഋഷഭ് ഷെട്ടി. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴ് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.

Read more