‘കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് റിഷഭ് ഷെട്ടി. കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്.
താന്‍ കണ്ടതും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് കാന്താരയിലൂടെ അവതരിപ്പിച്ചത്. പ്രകൃതിക്കും മനുഷ്യനും ഇടയിലുള്ള പാലം പോലെയാണ് ദൈവത്തിന്റെ സന്ദേശം എന്നാണ് വിശ്വസിക്കുന്നത്. സിനിമയിലൂടെ പോസിറ്റിവിറ്റി പ്രചരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല.
അതിനെ ആരെങ്കിലും അന്ധവിശ്വാസം എന്ന് വിളിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. വര്‍ഷങ്ങളായി ദൈവത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ആളുകളെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ കഥയെ കുറിച്ച് അവരോട് ആലോചിച്ചു. സിനിമയ്ക്ക് ആധികാരികത കൊണ്ടുവരാന്‍ അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ ദൈവക്കോലം കണ്ടിട്ടുണ്ട്. ആ വിശ്വാസ വ്യവസ്ഥയില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഇത് തന്റെ ഗ്രാമത്തില്‍ നിന്നുള്ള യഥാര്‍ത്ഥ കഥയാണ്. തങ്ങള്‍ കെട്ടിപ്പൊക്കിയ ‘കാന്താര ലോകം’ തന്റെ സാങ്കല്പിക ദര്‍ശനമാണ് എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്.
Read more
അതേസമയം, ഗംഭീര വിജയമാണ് കാന്താര തിയേറ്ററുകളില്‍ നിന്നും നേടുന്നത്. സെപ്റ്റംബര്‍ 30ന് കന്നഡയില്‍ റിലീസ് ചെയ്ത ചിത്രം കര്‍ണാടകയില്‍ നിന്നു മാത്രം 250 കോടിയോളം നേടിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നുമൊക്കെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.