തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് രൂപേഷ് പീതാംബരൻ. സംവിധാനത്തിന് പുറമെ നടനായും കഴിവ് തെളിയിച്ചിട്ടുണ്ട് രൂപേഷ് പീതാംബരൻ.
ഇപ്പോഴിതാ പൃഥ്വിരാജിനെ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രൂപേഷ് പീതാംബരൻ. താൻ ഫിക്സ് ചെയ്ത സ്ക്രിപ്റ്റുകൾ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തുവെന്നാണ് രൂപേഷ് പീതാംബരൻ പറയുന്നത്.
“എന്ന് നിന്റെ മൊയ്‌തീൻ സിനിമ ഇറങ്ങിയ ശേഷം പാവാടയുടെ ഷൂട്ട് നടക്കുമ്പോഴാണ് എനിക്ക് പൃഥ്വിയെ കാണണമെന്ന് തോന്നുന്നത്. അന്ന് മൊയ്തീൻ നല്ല ബ്ലോക്ക്‌ബസ്റ്ററായി നിൽക്കുന്ന സമയമാണ്. എനിക്കാണെങ്കിൽ പടം കണ്ടിട്ട് അത് തലയിൽ നിന്ന് വിട്ട് പോയിട്ടില്ല.
ഞാൻ അന്ന് പൃഥ്വിയുടെ അടുത്ത് മൊയ്‌തീനെ പറ്റിപറഞ്ഞ് അവസാനം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. കാരണം ആ ക്ലൈമാക്‌സ് എന്റെ മനസിൽ ഉണ്ടായിരുന്നു. ഇപ്പോൾ പോലും ആലോചിക്കുമ്പോൾ സ്റ്റക്ക് ആകുന്ന ക്ലൈമാക്‌സാണ് അത്.
അന്ന് ഞാൻ കരയുന്നത് കണ്ട് പൃഥ്വിരാജിന് ടെൻഷനായി. ആൾ എന്നോട് ഉടനെ വെള്ളം വേണോയെന്നൊക്കെ ചോദിച്ചു. പൃഥ്വി സിനിമയെ വളരെ പാഷനായിട്ട് എടുക്കുന്ന ആളാണ്. ഞാനും ഏകദേശം അതേ പാഷനുള്ള ആളാണ്.
വേറെ പല സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കും മുമ്പുള്ള ഐസ് ബ്രേക്കിങ്ങായിരുന്നു അത്. പിന്നീട് എൻ്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിയെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് കഴിഞ്ഞു. എങ്കിൽ പോലും ഞാൻ രണ്ടോ മൂന്നോ സ്ക്രിപ്റ്റുകൾ ഫിക്‌സ് ചെയ്‌തിരുന്നു. പക്ഷേ ആൾ അതൊക്കെ റിജക്‌ട് ചെയ്‌തു.
Read more
നമുക്ക് ഒരാളെ നിർബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാൻ പറ്റില്ല. അയാൾക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിർബന്ധിച്ച് പിടിച്ചുനിർത്തി അഭിനയിപ്പിക്കുമ്പോൾ ചിലപ്പോൾ അവർക്ക് കഴിയില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പീതാംബരൻ പറയുന്നത്.