'കണക്ക് കൂട്ടാന്‍ എളുപ്പമായി'; പെട്രോള്‍ വില നൂറ് കടന്നതിനെ ട്രോളി നടന്‍ രൂപേഷ് പീതാംബരന്‍, ഇവിടൊരു രാജ്യദ്രോഹി എന്ന് കമന്റുകള്‍

ഇന്ധന വിലവര്‍ദ്ധനയെ ട്രോളി നടന്‍ രൂപേഷ് പീതാംബരന്‍. സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നതിനെ പരിഹസിച്ചാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. 100 രൂപയ്ക്ക് ഒരു ലിറ്റര്‍, 1000 രൂപയ്ക്ക് 10 ലിറ്റര്‍. കണക്ക് കൂട്ടാന്‍ എളുപ്പമായി എന്നാണ് രൂപേഷ് പീതാംബരന്‍ പ്രതികരിച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. അധിക കാലം ഈ കണക്ക് നിലനില്‍ക്കില്ല ഇതിലും കൂടും, ഇവിടൊരു രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ്, രാജ്യത്തിന് വേണ്ടി മോദിയുടെ ത്യാഗത്തെ വിമര്‍ശിക്കാന്‍ മാത്രം ഒരു സിനിമാ പ്രവര്‍ത്തകനും വളര്‍ന്നിട്ടില്ല, ഇഡി ഉടന്‍ വീട്ടിലെത്തും എന്നാണ് പോസ്റ്റിന് താഴെ എത്തുന്ന ചില കമന്റുകള്‍.

ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ പൊട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില.

ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയില്‍ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.