വീല്‍ചെയറില്‍ ആണെങ്കിലും വന്ന് അഭിനയിക്കാന്‍ പറഞ്ഞു, സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞതായിരുന്നു.. പക്ഷെ: സായ് കുമാര്‍

‘എമ്പുരാന്‍’ സിനിമയിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ് പൃഥ്വിരാജും ടീമും. തങ്ങള്‍ എങ്ങനെ സിനിമയുടെ ഭാഗമായി എന്നു പറഞ്ഞു കൊണ്ടാണ് ഓരോ താരങ്ങളും എത്തുന്നത്. കാലിന് വയ്യാതിരുന്നിട്ടും ‘ലൂസിഫര്‍’ സിനിമയുടെ ഭാഗമായതും ഇപ്പോള്‍ എമ്പുരാനിലും അഭിനയിക്കുന്നതിനെ കുറിച്ച് നടന്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കാലിന് വയ്യാത്തതു കൊണ്ട് സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ തന്നെ താന്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യസര്‍ സിദ്ദു പണിക്കലിനോട് ആയിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ പൃഥ്വിരാജ് വീണ്ടും വിളിക്കുകയും നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും ഈ സിനിമയിലെ മഹേഷ വര്‍മയെന്ന് പറയുകയുമായിരുന്നു.

ഇരുന്നിട്ടാണെങ്കില്‍ അങ്ങനെ വീല്‍ചെയറിലാണെങ്കില്‍ അങ്ങനെ. തുടര്‍ന്നാണ് സിനിമയുടെ ഭാഗമായതെന്നും രണ്ടാം ഭാഗത്തിലും താനുണ്ടെന്നും വീഡിയോയില്‍ സായ് കുമാര്‍ വ്യക്തമാക്കി. അതേസമയം, ലൂസിഫറില്‍ മഹേഷ് വര്‍മയായി വന്ന സായ് കുമാറിന്റെ വേഷം ഏറെ ചര്‍ച്ചായാവുകയും ‘ഉപദേശം കൊള്ളാം വര്‍മ സാറെ പക്ഷേ ഒരു പ്രശ്നമുണ്ട്’ എന്ന സ്റ്റീഫന്‍ നെടുമ്പുള്ളിക്കൊപ്പമുള്ള വീഡിയോ ഏറെ സ്വീകരിക്കപ്പെട്ടതുമാണ്.

മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

Read more