'3-4 കഥകള്‍ പ്രാരാബ്ധമുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട് നമ്മള്‍ പൊളിക്കും'; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്

അടുത്തിടെ തന്നെ ‘ഡെബ്റ്റ് സ്റ്റാര്‍’ എന്ന് വിശേപ്പിച്ച ട്രോളിന് മറുപടി പറഞ്ഞ് നടന്‍ സൈജു കുറുപ്പ് രംഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ താരം അഭിനയിച്ച മിക്ക സിനിമകളിലും കടം കൊണ്ട് പൊറുതി മുട്ടുന്ന കഥാപാത്രമായാണ്. ഇതോടെയാണ് ഡെബ്റ്റ് സ്റ്റാര്‍ എന്നൊരു വിശേഷണം സൈജുവിന് ലഭിച്ചത്.

തന്നെ കുറിച്ചുള്ള ട്രോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ് സൈജു ഇപ്പോള്‍. ‘പുതിയ കഥ കേള്‍ക്കുമ്പോള്‍ തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറുപ്പ്’ എന്ന ട്രോളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

‘3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട് നമ്മള്‍ പൊളിക്കും’ എന്ന ക്യാപ്ഷനോടെയാണ് സൈജു ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനു കമന്റ് ചെയ്തിരിക്കുന്നത്.

‘അണ്ണാ അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജര്‍ ആയി അഭിനയിക്കണം’ എന്ന ആരാധകന്റെ അഭ്യര്‍ഥനക്ക് ‘കടക്കെണിയില്‍ പെട്ട ബാങ്ക് മാനേജര്‍ ആണേല്‍ ഓക്കെ’ എന്നായിരുന്നു സൈജുവിന്റെ രസകരമായ മറുപടി.

No description available.

Read more

ഒരുത്തി, തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളിലെല്ലാം കടക്കാരനായിട്ടാണ് സൈജു അഭിനയിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയില്‍ കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു വേഷമിട്ടത്.