താന്‍ സുരേഷ് ഗോപിക്കെതിരെ സംസാരിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് സലിം കുമാര്‍. ആ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നും സലീം കുമാര്‍ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വിജയത്തിനെതിരെ സലിം കുമാര്‍ സംസാരിച്ചു എന്ന തരത്തിലാണ് പോസ്റ്റ്. ”എനിക്ക് സഹോദര തുല്യനായ ശ്രീ സുരേഷ് ഗോപിയെ അപകീര്‍ത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാന്‍ നിങ്ങള്‍ അറിയിക്കുകയാണ്.”
”പല കാര്യങ്ങള്‍ക്കും എന്റെ ചിത്രങ്ങള്‍ ട്രോളന്മാര് ഉപയോഗിക്കാറുണ്ട്. അതില്‍ വളരെ സന്തോഷവും ഉണ്ട് എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ എന്നെ ഉള്‍പ്പെടുത്തരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് സലീം കുമാര്‍ പറയുന്നത്.
അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലിം കുമാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ”രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ” എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്.