ആ യാത്ര എളുപ്പമായിരുന്നില്ല, ഡബ്ല്യുസിസിയോടാണ് കടപ്പെട്ടിരിക്കുന്നത്: സാമന്ത

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ഡബ്ല്യുസിസിയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം സാമന്ത. വർഷങ്ങളായി താൻ ഡബ്ല്യുസിസിയെ പിന്തുടരുന്നുണ്ടെന്നും, അവരുടെ യാത്ര എളുപ്പമായിരുന്നില്ലെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഡബ്ല്യുസിസിയോടയാണ് കടപ്പെട്ടിരിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു.

“വർഷങ്ങളായി വിമൻ ഇൻ സിനിമ കളക്റ്റീവിനെ ഞാൻ പിന്തുടരുന്നു. അവരുടെ അവശ്വസനീയമായ പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരുടെ യാത്ര എളുപ്പമായിരുന്നില്ല.
ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഞങ്ങൾ ഡബ്ല്യുസിസിയോടാണ് കടപ്പെട്ടിരിക്കുന്നത്.

സുരക്ഷിതവും മാന്യവുമായ ജോലി സ്ഥലം ഒരാൾക്ക് ഏറ്റവും അടിസ്ഥാനമായിവേണ്ട കാര്യമാണ്. എന്നിട്ടും അതിന് വേണ്ടി പോരാടേണ്ടി വരുന്നു. എന്നാൽ അവരുടെ പരിശ്രമം പാഴായില്ല. ഇത് ഏറെ പ്രാധാന്യമുള്ളതും പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും ഞാൻ വിശ്വസിക്കുന്നു. W.C.C യിലെ എന്റെ സുഹൃത്തുകൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ. ഒരുപാട് സ്‌നേഹം.” സാമന്ത കുറിച്ചു.

Read more

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.