ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന സനല്‍ കുമാര്‍ ശശിധരന് ചിത്രം ചോല ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുകയാണ്. അവാര്‍ഡുകളുടെ അകമ്പടിയോടെ എത്തുന്ന ചിത്രം കൊമേഴ്സ്യലായും വിജയിച്ചാല്‍ സിനിമാരംഗത്ത് അത് വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് സനല്‍ കുമാര്‍ ശശിധരന് പറയുന്നത്.
“എന്റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ചോല. ആദ്യത്തെ 20 മിനിറ്റ് കഴിഞ്ഞാല്‍ ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ ഉണ്ടാവുകയാണ്. അതേസമയം, കലാപരമായ അംശങ്ങള്‍ നഷ്ടപ്പെടുന്നുമില്ല എന്നാണ് എന്റെ വിശ്വാസം. ജോജുവിന് ഈ സിനിമയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് വൈഡ് റിലീസ് സാധ്യമാകുന്നത്. ഇതു കൊമേഴ്സ്യലായും വിജയിച്ചാല്‍ സിനിമാരംഗത്ത് അത് വലിയ മാറ്റത്തിന് കാരണമാകും.” മനോരമയുമായുള്ള അഭിമുഖത്തില്‍ സനല്‍ കുമാര്‍ ശശിധരന് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം “എസ് ദുര്‍ഗ”യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രമാണ് “ചോല”. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.
Read more
മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.