മധു കൊലക്കേസില്‍ നീതി ലഭിക്കുവാന്‍ കാരണമായവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ അപ്പാനി ശരത്. ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്, അതിന് എല്ലാവരും മനസു വിചാരിക്കണം. മധുവിനെ സ്‌നേഹിച്ചവരെല്ലാം ഇന്ന് സന്തോഷത്തിലാണ് എന്നാണ് നടന്‍ പറയുന്നത്.
മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ‘ആദിവാസി ദ് ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് അപ്പാനി ശരത് ആയിരുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് നടന്‍ സംസാരിച്ചത്. ”ജീവിച്ചിരുന്ന സമയത്ത് കാണാന്‍ കഴിയാതിരുന്ന കഥാപാത്രമാണ് മധു.”
”അദ്ദേഹത്തിന്റെ മരണ ശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാന്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. ഇന്ന് മധുവിനെ സ്‌നേഹിച്ച എല്ലാവരും സന്തോഷത്തിലാണ്, അദ്ദേഹത്തിന് നീതി ലഭിച്ചു.”
”ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തില്‍ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്” എന്നാണ് അപ്പാനി ശരത് പറയുന്നത്. ബംഗുളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ ആദിവാസി ദ് ബ്ലാക്ക് ഡെത്ത് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.