ആ മോഹന്‍ലാല്‍ ചിത്രത്തിന് ആദ്യം നല്‍കിയ പേര് 'ബലരാമന്‍' എന്ന്, പിന്നീട് മാറ്റി, സിനിമ കണ്ട് കുറേ പൊലീസുകാരും വിളിച്ചു: തിരക്കഥാകൃത്ത് സുരേഷ് ബാബു

മോഹന്‍ലാലിനെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കിയ ഹിറ്റ് സിനിമയാണ് ‘ശിക്കാര്‍’. ചിത്രത്തിന് ആദ്യം നല്‍കിയ ‘ബലരാമന്‍’ എന്നയിരുന്നു എന്നാണ് തിരക്കഥാകൃത്ത് സുരേഷ് ബാബു പറയുന്നത്. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലാല്‍ ജോസ് ആയിരുന്നുവെന്നും പിന്നീട് മാറിയതിനെ കുറിച്ചുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്ത് പറയുന്നത്.

ബലരാമന്‍ എന്ന പൊലീസുകാരന്റെ കഥ ആലോചിച്ചപ്പോള്‍ താന്‍ ലാല്‍ജോസിനോട് ആയിരുന്നു വണ്‍ ലൈന്‍ പറഞ്ഞത്. തിരക്കഥ ലാല്‍ ജോസിന് ഇഷ്ടമായി. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാനായില്ല. ലാല്‍ജോസ് വേറെ ചില സിനിമകളുടെ തിരക്കിലായിരുന്നു. മോഹന്‍ലാല്‍ ഉടന്‍ തന്നെ ചെയ്യാമെന്നു പറഞ്ഞു.

തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയില്‍ ലാലേട്ടനെ കണ്ടു വരുമ്പോള്‍ സംവിധായകന്‍ എം. പത്മകുമാറിനെ കണ്ടത്. മോഹന്‍ലാലിനെ വച്ച് ഒരു പ്രൊജക്ടിന്റെ വര്‍ക്കിലായിരുന്നു പത്മകുമാര്‍. പക്ഷേ, ആ കഥ വിചാരിച്ചപോലെയായില്ല. അങ്ങനെ ഈ കഥ പറഞ്ഞു. പത്മകുമാര്‍ സംവിധാനം ചെയ്യുന്നതില്‍ ലാലേട്ടനും സമ്മതം. അങ്ങനെയാണ് ശിക്കാറിന്റെ ചിത്രീകരണം ആരംഭിച്ചത്.

ബലരാമന്‍ എന്നായിരുന്നു താന്‍ സിനിമയ്ക്ക് ഇട്ടിരുന്ന പേര്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ബലരാമന്‍. സിനിമയുടെ പേരിനെ കുറിച്ചു പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, നമുക്ക് ശിക്കാര്‍ എന്നിടാമെന്ന്. അതു തന്നെയായിരുന്നു സിനിമയ്ക്ക് പറ്റിയ പേര്. സിനിമ കണ്ട് കുറേ പൊലീസുകാര്‍ വിളിച്ചു. പൊലീസ് ട്രെയിനിംഗിന്റെ ഭാഗമായി ശിക്കാര്‍ പൊലീസുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും സുരേഷ് ബാബു വ്യക്തമാക്കി.