"അയ്യോ, അത് വേണ്ട ആ പേര് കുറച്ച് കൂടിപ്പോയി.." എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം, പക്ഷേ സിനിമ സൂപ്പർ ഹിറ്റ്; ദി കിംഗിനെ കുറിച്ച് ഷാജി കൈലാസ്

രഞ്ജി പണിക്കരുടെ തിരക്കഥയിൽ മമ്മൂട്ടി നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ ചിത്രമായിരുന്നു ദി കിംഗ്. 1995 ൽ ബോക്‌സ് ഓഫീസുകള്‍ ഇളക്കി മറിച്ച പൊളിറ്റിക്കല്‍ മാസ്സ് സിനിമയായിരുന്നു ദി കിംഗ് . ജോസഫ് അലക്‌സ് എന്ന മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം അന്ന് ആരാധകര്‍ ഇരുകെെയ്യും നീട്ടിയാണ് ഏറ്റെടുത്തത്. ഒരുപാട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയുടെ കഥയിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിന് ആ പേരിടാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യത്തെപ്പറ്റി വ്യക്തമാക്കിയിരിക്കുന്നത്.

കളക്ടറെ കുറിച്ച് ഒരു പ്ലോട്ട് ആലോചിക്കാമെന്ന് പറഞ്ഞപ്പോള്‍ രണ്‍ജി പണിക്കര്‍ക്ക് ആദ്യം താത്പര്യമില്ലായിരുന്നും പിന്നീട് ഒരുപാട് പറഞ്‍തിനു ശേഷമാണ് അങ്ങനെയൊരു കഥയിലെയ്ക്കെത്തിയതെന്നും ഷാജി കെെലാസ് പറഞ്ഞു. സിനിമയ്ക്ക് ദി കിംഗ് എന്ന് പേരിടാന്‍ മമ്മൂട്ടിയും ആദ്യം സമ്മതിച്ചിരുന്നില്ല. ആ പേര് അല്‍പ്പം കൂടിപ്പോയോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയമെന്നും ഷാജി കൈലാസ് പറയുന്നു.

‘ എന്റേയും രണ്‍ജിയുടേയും ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. അടുത്ത സിനിമ എന്തായിരിക്കണമെന്ന ആലോചനയിലാണ് എല്ലാവരും. ഞാന്‍ പറഞ്ഞു നമുക്ക് ഒരു കളക്ടറുടെ കഥ പിടിക്കാമെന്ന്. ഇത് കേട്ടതോടെ രണ്‍ജി എന്നോട് ‘നീ പോടാ അവിടുന്ന് കമ്മീഷണര്‍ കളക്ടര്‍ മാങ്ങാത്തൊലി ഇതും പറഞ്ഞ് എന്റെയടുത്തോട്ട് വരും’ എന്നൊക്കെ പറഞ്ഞ് എന്നെ ചീത്ത വിളിച്ചു. അപ്പോള്‍ ഞങ്ങളുടെ ആ സുഹൃത്ത് പറഞ്ഞു, അല്ല ഷാജി പറയുന്നതിലും കാര്യമുണ്ട്. അങ്ങനെ ഒരു സിനിമ വന്നാല്‍ നന്നാവും എന്ന്.

അന്ന് ആലപ്പുഴയില്‍ ഒരു കളക്ടറുണ്ട്. മുണ്ടുമടക്കിക്കുത്തി ഇറങ്ങുന്ന ആളായിരുന്നു. അതുപോലെ അല്‍ഫോണ്‍സ് കണ്ണന്താനം ദല്‍ഹിയില്‍ കളക്ടറായി ഇരുന്നപ്പോള്‍ സൂപ്പര്‍ ആയി അദ്ദേഹം അവിടെ ഇറങ്ങിക്കളിച്ചിരുന്നു. ആ ആര്‍ട്ടിക്കിള്‍സൊക്കെ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ പ്ലോട്ട് മാത്രം പിടിച്ചാല്‍ മതിയെടാ എന്ന് ഞാന്‍ രണ്‍ജിയോട് പറഞ്ഞു. കളക്ടര്‍ എന്നൊക്കെ എങ്ങനെയാണ് പേരിടുക എന്നായി പിന്നെ രണ്‍ജി. കളക്ടര്‍ എന്ന് വേണ്ട ‘ദി കിംഗ്’ എന്നിടാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മമ്മൂട്ടിയെ വിളിച്ച് ദി കിംഗ് എന്ന് പറഞ്ഞതോടെ ‘അയ്യോ കൂടിപ്പോയി അത് വേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി.

പിന്നീട് അത് ഫിക്‌സ് ചെയ്യുകയാരുന്നെന്നും അദ്ദേഹം പറഞ്ഞു. കളക്ടറിനെ ഒരിക്കലും നമ്മള്‍ കിംഗ് എന്ന് പറയില്ല. ബട്ട് അയാളാണ് ശരിക്കും രാജാവ്. ആ രീതിയിലാണ് കണ്ടത്. പിന്നെ സിനിമയുടെ ഡയലോഗൊന്നും നമ്മള്‍ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. രണ്‍ജി ആയിക്കോളും. നമ്മള്‍ അങ്ങ് എടുത്താല്‍ മാത്രം മതിയെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.