രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു; വിമർശനവുമായി ഷീലു എബ്രഹാം

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രമേശ് നാരായണനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇപ്പോഴിതാ ആസിഫിനെ പിന്തുണച്ചും, രമേശ് നാരായണനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രഹാം.
ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയാണ് ആസിഫ് അലി എന്നാണ് ഷീലു എബ്രഹാം പറയുന്നത്. എന്നത് കാരണം കൊണ്ടാണെങ്കിലും രമേശ് നാരായണൻ ചെയ്തത് വലിയ മോശമായിപ്പോയി എന്നാണ് ഷീലു എബ്രഹാം പറയുന്നത്.

“അമ്മ മീറ്റിങിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌. മുംബൈ എയർപോർട്ടിൽ, അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കി ഉള്ള എല്ലാ യാത്രക്കാരോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ.

ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി.

ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് നൽകിയ ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. അത്യന്തം വെറുപ്പുളവാക്കുന്നത്. സോറി രമേശ് നാരായണൻ, ജയരാജ്. ആസിഫ് അലി ചിരിച്ചുകൊണ്ടേയിരിക്കുക, സ്നേഹം മാത്രം.” എന്നാണ് ഷീലു എബ്രഹാം ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം ആസിഫ് അലിയോട് മാപ്പ് പറഞ്ഞ് രമേശ് നാരായണൻ രംഗത്തുവന്നിരുന്നു. കൂടാതെ തനിക്ക് വിഷമമോ പരിഭവമോ ഇല്ല, പേര് തെറ്റി വിളിച്ചതിലുള്ള ടെന്‍ഷന്‍ കൊണ്ട് അദ്ദേഹം അങ്ങനെ റിയാക്ട് ചെയ്തതെന്ന് ആസിഫ് അലിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ ഓണത്തിനാണ് സീ 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനമായ ഇന്നലെ പുറത്തുവിട്ടു. കമൽ ഹാസനാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.