'കരയില്‍ നിന്നു കാണുന്നതല്ല കടല്‍, നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും'; അനുഭവം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച സിനിമ ‘അടിത്തട്ടി’നെ കുറിച്ച് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. നടുക്കടലില്‍ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു എന്നാണ് ഷൈന്‍ പറയുന്നത്.

ലോക്ഡൗണ്‍ സമയത്താണ് അടിത്തട്ടില്‍ അഭിനയിക്കുന്നത്. 20 ദിവസം കടലില്‍ ചിത്രീകരിക്കണം. പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച സിനിമ. വലിയൊരു അനുഭവം തന്നു അടിത്തട്ട്. നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി.

കടലിന്റെ ഭീകരത മുന്നില്‍ കാണുമ്പോള്‍ ഭയം തോന്നും. കരയില്‍ നിന്നു കാണുന്നതല്ല കടല്‍. നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകള്‍ ചരിഞ്ഞു പോകുന്നത്. രണ്ട് ദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു.

ചിത്രീകരണത്തിനായി കരയില്‍ നിന്ന് ബോട്ടില്‍ കടലിലേക്ക് പോകുകയായിരുന്നു. പിന്നെ കടലില്‍ തന്നെ. ബോട്ടില്‍ കടലില്‍ പോയി മീന്‍ പിടിച്ച് ജീവിക്കുന്നവരുടെ രണ്ടു ദിവസത്തെ കഥയാണ് അടിത്തട്ട്. സണ്ണിവെയ്ന്‍, പ്രശാന്ത്, ജയപാലന്‍, മുരുകന്‍ ഉള്‍പ്പെടെ തങ്ങള്‍ ഏഴ് പേരായിരുന്നു.

പൊന്നാനിയില്‍ താമസിച്ചപ്പോള്‍ പളളിപ്പെരുന്നാളിന് അമ്പു പ്രദക്ഷിണത്തിന് അഴിമുഖം കടന്നു പോകുമ്പോള്‍ കടല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 22 കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകുന്നത് ആദ്യമാണ്. തന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ് അടിത്തട്ട്.

Read more

മികച്ച കഥാപാത്രമാകുമെന്നാണ് കരുതുന്നത് എന്നാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്.