ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല, സിദ്ധാര്‍ഥിനോട് ഞാന്‍ മാപ്പ് പറയുന്നു: ശിവരാജ് കുമാര്‍

നടന്‍ സിദ്ധാര്‍ഥിനെ പ്രതിക്ഷേധക്കാര്‍ ഇറക്കിവിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ശിവരാജ് കുമാര്‍. പുതിയ ചിത്രമായ ‘ചിക്കു’വിന്റെ പ്രമോഷനിടെ ആയിരുന്നു കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രതിഷേധവുമായി എത്തിയ ആളുകള്‍ സിദ്ധാര്‍ഥിന്റെ പ്രസ് മീറ്റ് തടഞ്ഞത്.

ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ ആയിരുന്നു സംഭവം. ഒരു സംഘം പ്രതിഷേധക്കാര്‍ എത്തി വാര്‍ത്താസമ്മേളനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സംഘാടകരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് താരം വാര്‍ത്താസമ്മേളനം നിര്‍ത്തി, കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ മടങ്ങിപ്പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കന്നഡയിലെ സൂപ്പര്‍ താരം ശിവരാജ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

തന്റെ നാടായ കര്‍ണാടകയില്‍ വെച്ച് തമിഴ് നടനായ സിദ്ധാര്‍ഥിന് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ ശിവരാജ് കുമാര്‍ ഖേദം പ്രകടിപ്പിച്ചു. കന്നഡ സിനിമയ്ക്ക് വേണ്ടി സിദ്ധാര്‍ഥിനോട് താന്‍ മാപ്പ് പറയുന്നെന്ന് ശിവരാജ് കുമാര്‍ പറഞ്ഞു.

”വളരെയധികം വേദനിക്കുന്നു. ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളേയും എല്ലാ ഭാഷകളിലേയും സിനിമകളേയും സ്‌നേഹിക്കുന്നവരാണവര്‍. എല്ലാത്തരം സിനിമകളും കാണുന്നവരാണ് കന്നഡ പ്രേക്ഷകര്‍” എന്നും ശിവരാജ് കുമാര്‍ വ്യക്തമാക്കി.