പ്രേമലു ഹിറ്റ് ആയപ്പോള്‍ ആ നടന്‍ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയുമായിരുന്നു: ശിവകാര്‍ത്തികേയന്‍

‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്യാം മോഹന്‍. എന്നാല്‍ പ്രേമലുവിന് മുമ്പ് ശിവകാര്‍ത്തികേയന്റെ ‘അമരന്‍’ എന്ന സിനിമയിലാണ് ശ്യാം മോഹന്‍ അഭിനയിച്ചത്. പ്രേമലുവിലെ ശ്യാമിന്റെ ആദി എന്ന കഥാപാത്രം താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍.

അമരന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് ശിവകാര്‍ത്തികേയന്‍ സംസാരിച്ചത്. ”അമരന്‍ സിനിമയില്‍ കൂടെ അഭിനയിച്ച ഒരുപാട് ആളുകളുണ്ട്. ശ്യാം മോഹനും അമരനില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രേമലു എന്ന സിനിമ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത് കണ്ടിരുന്നു.”

”ഇടക്കിടെ ‘ജെകെ’ എന്ന് പറഞ്ഞാണ് ആ കഥാപാത്രം പ്രേമലുവില്‍ വരുന്നത്. ആ സമയത്തൊക്കെ ഞാന്‍ ശ്യാമിനെ കാണുമ്പോള്‍ പെട്ടെന്ന് എന്റെ വൈഫിനോട് ‘ഇദ്ദേഹം എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുമായിരുന്നു. പ്രേമലു വരുന്നതിന് മുമ്പായിരുന്നു അമരന്റെ ഷൂട്ടിങ് നടന്നിരുന്നത്.”

”അന്ന് എന്ത് ചെയ്യുന്നുവെന്ന് ഞാന്‍ ശ്യാമിനോട് ചോദിച്ചിരുന്നു. അപ്പോള്‍ ചെറിയ സിനിമകളിലൊക്കെ ചെറിയ റോളുകളില്‍ അഭിനയിക്കുകയാണ് എന്നായിരുന്നു ശ്യാം മറുപടി പറഞ്ഞത്. പക്ഷേ അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ അദ്ദേഹം ഒരൊറ്റ സിനിമയിലൂടെ ഫേയ്മസായി.”

”അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേമലുവില്‍ ശ്യാം വളരെ സൂപ്പറായി തന്നെ അഭിനയിച്ചിരുന്നു. ആ പടവും സൂപ്പറായിരുന്നു” എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 31ന് ആണ് അമരന്‍ തിയേറ്ററുകളിലെത്തുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി ആണ് ചിത്രം ഒരുക്കിയത്.

Read more