ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

‘മാരിവില്ലിൻ ഗോപുരങ്ങൾ’ ചിത്രത്തിനെതിരെ യൂട്യൂബർ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിയാദ് കോക്കർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിയാദ് കോക്കർ അശ്വന്ത് കോക്കിനെതിരെ സംസാരിച്ചത്. എന്നാൽ സിനിമയുടെ റിവ്യു യൂട്യൂബിൽ നിന്നും പിൻവലിക്കുകയല്ലാതെ സംഭവത്തിൽ ഇതുവരെ യാതൊരു പ്രതികരണവും അശ്വന്ത് കോക്ക് നടത്തിയിട്ടില്ല.

പൊതുസമൂഹത്തിൽ വൃത്തികേട് വിളിച്ചു പറയുന്നവർക്ക് വ്യൂവർഷിപ്പ് കൂടുതലായിരിക്കുമെന്ന് പറഞ്ഞ സിയാദ് കോക്കർ, സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശമെന്നും കേസ് നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ അതിന് ക്രിമിനൽ പശ്ചാത്തലത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നും, ജാമ്യം കിട്ടുന്ന കാര്യമായതുകൊണ്ട് കുഴപ്പമില്ലെന്നും ഭീഷണി മുഴക്കുന്നു.

“അശ്വന്ത് കോക്ക് വീഡിയോ പിൻവലിച്ചതുകൊണ്ട് കാര്യമില്ല. കാണേണ്ടവരൊക്കെ അത് കണ്ടുകഴിഞ്ഞു. പൊതുസമൂഹത്തിൽ വൃത്തികേട് വിളിച്ചു പറയുന്നവർക്ക് വ്യൂവർഷിപ്പ് കൂടുതലായിരിക്കും. അശ്വന്ത് കോക്കിനെപ്പറ്റി നേരത്തെ അറിയാം. സിനിമ റിലീസായതിന് തൊട്ടടുത്ത ദിവസം സംവിധായകനെയും സ്ത്രീകളെയും എന്റെ മകളുടെ പേര് തന്നെ പോയിന്റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു മില്യൺ കാഴ്ചക്കാരെ ലഭിച്ച വിദ്യാസാഗറിന്റെ പാട്ടുകൾ പോലും പുച്ഛിച്ചു തള്ളിയാണ് റിവ്യു പറയുന്നത്.

സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. ഒരുകാര്യവുമില്ലാതെ ആളുകളുടെ പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുന്ന ആളല്ല ഞാൻ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുവേണമെങ്കിലും പറയാം. പക്ഷേ ഇത്രയും നീചമായ രീതിയിൽ മിമിക്രി ചെയ്യുന്നത് പോലെ റിവ്യൂ ഇടുന്നതിന് ഞാനെതിരെയാണ്. അതിനെതിരെ നടപടിയെടുക്കാൻ എനിക്കും അവകാശമുണ്ട്. മുഴുവൻ മലയാളം ഇൻഡസട്രിക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ബലത്തിന് ബലം തന്നെ കാണിക്കും. കേസ് നടത്തിയതുകൊണ്ട് ഉടനടി പരിഹാരം ഉണ്ടാകില്ല.

അതിന് അതിന്റേതായ മാർ​ഗം തേടേണ്ടിവരും. അങ്ങനെയൊരു മാർ​ഗം തേടുമ്പോൾ എന്നെ ജയിലിൽ അടയ്ക്കാം. ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്. അതിന് ജാമ്യം കിട്ടുമല്ലോ. എന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതേ എന്നാണ് എനിക്ക് പറയാനുള്ളത്. ഒരുദിവസം പോലും ഓടാത്ത സിനിമകളെ അശ്വന്ത് കോക്ക് പ്രശംസിച്ച് പറഞ്ഞ അനുഭവം എനിക്കുണ്ട്. എന്തുകൊണ്ടാണത്. ആർക്കുവേണ്ടിയാണ് താങ്കൾ പ്രവർത്തിക്കുന്നത്. എന്താണ് നിങ്ങളുടെ ഉദ്ദേശം. സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാട് വ്യക്തമാക്കണം. അശ്വന്ത് കോക്ക് ഒരു പോസ്റ്റിട്ടാൽ ഒന്നും സംഭവിക്കില്ല. നല്ല സിനിമയാണെങ്കിൽ ഓടും.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിയദ് കോക്കർ പറഞ്ഞത്.

അതേസമയം ഇന്ദ്രജിത്തിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തിൽ.

ഒരിടവേളയ്ക്ക് ശേഷം വിദ്യാസാഗർ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ‘ലൂക്ക’, ‘മിണ്ടിയും പറഞ്ഞും’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.