തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന്റെ ആഘോഷത്തില്‍ നില്‍ക്കവെ ഇനിയും അഭിനയം തുടരുമോ എന്ന ചോദ്യം സുരേഷ് ഗോപിക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരുന്നു. തന്റെ പുതിയ സിനിമകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. മൂന്ന് വലിയ പ്രോജക്ടുകളാണ് സുരേഷ് ഗോപിയുടെതായി ഇനി ഒരുങ്ങാനിരിക്കുന്നത്.
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മൂന്ന് പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പത്മനാഭസ്വാമിക്ക് ട്രിബ്യൂട്ട് എന്ന തരത്തില്‍ ഒരു വലിയ പ്രോജക്ട് ഉണ്ട്. 70 കോടിയോ മറ്റോ ആണ് അതിന്റെ ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാന്‍ സാധ്യതയുണ്ട്.
പാന്‍ യൂണിവേഴ്‌സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. ഇവയുടെ ഒക്കെ സ്‌ക്രിപ്റ്റ് കേട്ട് അവയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. രണ്ട് വര്‍ഷത്തേക്കുള്ള സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കിയത്.
കൂടാതെ മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുണ്ട്. തന്നെ ഏറ്റവും അധികം കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്ത് ദിവസം മുമ്പെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞിരുന്നു.
അതേസമയം, വലിയ വിജയമാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. 2014, 2019ലും തൃശൂരില്‍ നിന്ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.