ആള്‍മാറാട്ടവും ശബ്ദാനുകരണവും, ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്; വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ക്ക് എതിരെ സുരേഷ് ഗോപി

ക്ലബ് ഹൗസ് ആപ്പിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തി സുരേഷ് ഗോപിയും. തന്റെ പേരും ചിത്രവും ഉപയോഗിച്ച് ആരംഭിച്ച നിരവധി അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് വെച്ചു കൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.

ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്! ഒരു വ്യക്തിയുടെ പേരില്‍ സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ആള്‍മാറാട്ടം നടത്തുകയും ശബ്ദാനുകരണവും ചെയ്യുന്നു. താന്‍ ക്ലബ്ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നത് മനസിലാക്കുക എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാലോളം വ്യാജ അക്കൗണ്ടുകളും നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന ചാറ്റ്‌റൂമില്‍ സംസാരിക്കുന്നതായുമാണ് സുരേഷ് ഗോപി പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. നിരവധി താരങ്ങളാണ് തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയത്.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് എത്തിയിരുന്നു. തന്റെ അഭിമുഖങ്ങളിലെ ശബ്ദമാണ് ഇതില്‍ ഉപയോഗിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.